ആത്മരതിയുള്ള, അവനവനോട് തന്നെ സ്നേഹക്കൂടുതലുള്ള, അവനവന്റെ ഗുണങ്ങളില്‍ മതിമറക്കുന്ന നേതാവിനെയാണ് നാര്‍സിസ്റ്റ് എന്ന് വിളിക്കുക. അരവിന്ദ് കെജ്രിവാള് നാര്‍സിസ്റ്റാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമപ്രവര്‍ത്തക ബര്ഖാദത്താണ്. ഇതിന് ഉത്തരമായി ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിനെ ആരാധിച്ചിരുന്ന, പിന്നീട് തല്ലിപ്പിരിഞ്ഞ മാധ്യമപ്രവര്ത്തകന് അശുതോഷ് പറഞ്ഞ ഉത്തരം ‘അതെ, നാര്സിസ്റ്റാണ് കെജ്രിവാള്’ എന്നാണ്.
അശുതോഷ് എന്ന മാധ്യമപ്രവര്ത്തകന് ഒരിയ്ക്കല്‍ അരവിന്ദ് കെജ്രിവാളിന്റെ ആരാധകനായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് ആം ആദ്മിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായി. വൈകാതെ അദ്ദേഹം കെജ്രിവാളുമായി പിരിഞ്ഞു. ഇപ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ അശുതോഷ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഒന്ന് ഇതാണ്:”ആം ആദ്മി പാര്‍ട്ടിയില്‍ നടക്കുന്നത് വണ്മാന് ഷോ എല്ലാവരും ഒരു ലീഡര്‍ക്ക് ചുറ്റും തിരിയുന്നു അയാളുടെ പേരാണ് അരവിന്ദ് കെജ്രിവാള്. അയാള്‍ വീണാല്‍ ആ പാര്‍ട്ടിയും ഇല്ലാതാകും. ”
എന്താണ് ആം ആദ്മിക്ക് സംഭവിച്ച അപചയം? അശുതോഷ് പറയുന്നു: “രാഷ്ട്രീയസദാചാരം പറഞ്ഞ് ഉയര്‍ന്നുവന്ന ഒരു പാര്‍ട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടി. അത് പിന്നീട് അധികാരത്തിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയായി അധപതിച്ചു. 2013-14 കാലത്ത് ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിയായിരുന്നു ഇന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി അത് അഭിമുഖീകരിക്കേണ്ടിവരില്ലായിരുന്നു. പക്ഷെ ആം ആദ്മി കോണ്‍ഗ്രസ് പോലുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ അനുകരിക്കാന്‍ ശ്രമിച്ചതോടെയാണ് നശിച്ചത്. ഇതുപോലത്തെ ഒരു പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഘടനാപരമായ കഴിവ് ആം ആദ്മിക്കില്ല. കോണ്‍ഗ്രസും ബിജെപിയും എത്രയോ വര്‍ഷമായി അധികാരത്തില്‍ ഇരുന്ന പാര്‍ട്ടികളും ധാരാളം ശക്തരായ നേതാക്കളും ഉള്ള പാര്‍ട്ടികളായതിനാല്‍ അവര്‍ക്ക് അതിജീവിക്കാനുള്ള ശേഷിയുണ്ട്. ആം ആദ്മിക്ക് അതിന് കഴിയില്ല.”
“ആം ആദ്മി പാര്‍ട്ടിയില്‍ മറ്റൊരു നേതാവും അരവിന്ദ് കെജ്രിവാളില്ലാതെ നടക്കില്ല. തീരുമാനമെടുക്കില്ല. അരവിന്ദ് കെജ്രിവാളിന് പുറത്ത് അധികാരമോ സ്വാതന്ത്ര്യമോ ഇല്ല. അല്പമെങ്കിലും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്ന മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ജയിലിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ നിലനില്പ് അപകടത്തിലാണ്.”- അശുതോഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: