കോട്ടയം: കെട്ടിടങ്ങളുടെ പ്ളാന്‍ വരയ്ക്കുന്ന എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പണി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെ മുന്നില്‍ നിറുത്തി രണ്ടുവര്‍ഷം മുന്നേ ശ്രമം തുടങ്ങിയിരുന്നുവെന്ന് വ്യക്തമാകുന്നു. ഇപ്പോള്‍ കുടുംബശ്രീ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങുകവഴി സ്വന്തമായി തൊഴിലെടുത്തുജീവിക്കുന്ന എന്‍ജിനീയര്‍മാരെ വഴിയാധാരമാക്കാനും അവരുടെ സംഘടന പൊളിക്കാനും ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് ഇതിനായുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചിരുന്നു. അന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടു തോറും കയറിയിറങ്ങി തൊഴില്‍ ലഭ്യമാക്കാനെന്ന പേരില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളുടെയും മറ്റും കണക്കെടുപ്പ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്ക്കാനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ കുടുംബശ്രീ ആരംഭിക്കുന്നത്. ഇതിനായി പല മുനിസിപ്പാലിറ്റികളും ബിരുദമോ ഡിപ്ലോമയോ ഐ.ടി. ഐ സര്‍ട്ടിഫിക്കറ്റോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് അടുത്തിടെ പരസ്യം നല്‍കിയിരുന്നു. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കു കീഴില്‍ പ്ലാന്‍ വരക്കുന്ന ജോലി ചെയ്യാം. കുടുംബശ്രീയുടെ കമ്മീഷന് കഴിച്ചുള്ള നിശ്ചിതതുക ഇതിന് നല്‍കും. സാധാരണ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് വീടുകളുടെ ചതുര അടി കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി തുച്ഛമായ തുകയ്ക്ക് എന്‍ജിനീയര്‍മാര്‍ ഈ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ജോലി ചെയ്യേണ്ടിവരും. ചതുരശ്ര അടി പ്രകാരമുള്ള തുക കുടുംബശ്രീ വാങ്ങിയെടുക്കുകയും ചെയ്യും കുടുംബശ്രീ ഇടതുപക്ഷത്തിന്റെ കൈപ്പിടിയില്‍ ആയതിനാല്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമായിരിക്കും ഈ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നിയമിക്കുക. മുനിസിപ്പാലിറ്റികളിലും മറ്റും വരുന്ന പ്ലാന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററില്‍ തന്നെ പിടിച്ചെടുത്ത് ചെയ്തുകൊടുക്കാനുള്ള സംവിധാനമാണ് നിലവില്‍ വരിക. ഇതുവഴി നിലവില്‍ സര്‍ക്കാരില്‍ നിന്ന് പതിനായിരവും ഇരുപതിനായിരവും കൊടുത്ത് ലൈസന്‍സ് എടുത്ത് ഉപജീവമാനമാര്ഗ്ഗം കണ്ടെത്തിയിട്ടുള്ള എന്‍ജിനീയര്‍മാര്‍ മുതല്‍ ഐ.ടി.ഐക്കാര്‍ വരെയുള്ളവര്‍ കളത്തിനു പുറത്താകുന്ന സാഹചര്യമുണ്ടാകും. ഇതിനൊപ്പം ഇവരുടെ സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് നോക്കുകുത്തിയായി മാറുകയും ചെയ്യും.
വരാനിരിക്കുന്ന കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കെതിരെ കഴിഞ്ഞദിവസം ലെന്‍സ്ഫെഡ് എന്നറിയപ്പെടുന്ന ഈ സംഘടന സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണയും മാര്‍ച്ചും നടത്തിയിരുന്നു. നിലവില്‍ രാഷ്ട്രീയപക്ഷമില്ലാത്ത ഈ സംഘടയെ വരുതിക്കു കൊണ്ടുവരാന്‍ ഇടതുപക്ഷം കരുതിക്കൂട്ടി ഇറങ്ങിയിരിക്കുന്നതിനാല്‍ എന്‍ജിനീയര്‍മാര്‍ ധര്‍ണ്ണയും മാര്‍ച്ചും മറ്റും നടത്തി വെയിലു കൊള്ളുന്നത് വെറുതെയാകും എന്നുതന്നെ വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: