ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തിയത് വഴി യതീന്ദ്ര മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്ന് ബിജെപി പരാതിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റ് പാർട്ടികളുടെ മുതിർന്ന നേതാക്കൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.
ചാമരാജനഗര ജില്ലയിലെ ഹനൂരിൽ നടന്ന പൊതു പരിപാടിക്കിടെയാണ് യതീന്ദ്ര അപകീർത്തി പരാമർശം നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ്, ഗുജറാത്തിൽ കൊലക്കുറ്റം ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അദ്ദേഹം. നരേന്ദ്ര മോദിയും അത്തരത്തിലൊരാൾ ആണെന്നായിരുന്നു പരാമർശം.
സംഭവത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അപലപിച്ചു. മുൻ നിയമസഭാംഗവും മുഖ്യമന്ത്രിയുടെ മകനും എന്ന നിലയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം മാപ്പ് പറയണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: