ഈ നൂറ്റാണ്ടില്‍ വാസ്തു ശാസ്ത്രത്തിന് എത്രത്തോളം പ്രസക്തിയുണ്ട്?
സൂര്യനും വെള്ളവും വായുവും സത്യമാണെന്ന് വിശ്വസിക്കുന്നു എങ്കില്‍ വാസ്തുശാസ്ത്രത്തെയും വിശ്വസിക്കാം. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയുടെ സന്തുലനമായ പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. ശരിയായി പറഞ്ഞാല്‍ വാസ്തുശാസ്ത്രം പ്രകൃതിയുടെ തത്ത്വങ്ങളാണ്. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ മാത്രമേ വീടു നിര്‍മിക്കാവൂ. ഓരോ സ്ഥലത്തിനും അവിടത്തെ പ്രകൃതിക്ക് അനുസരണമായ രീതിയില്‍ ഗുണദോഷ ഫലങ്ങള്‍ ഉണ്ടാകും. ഇവിടെയാണ് ഒരു വാസ്തുപണ്ഡിതന്റെ ആവശ്യം. വീടുപണിയുന്നതിന് മുമ്പ് സ്ഥലം പരിശോധിച്ചാല്‍ അത് എങ്ങനെയുള്ള ഭൂമിയാണ,് അവിടെ വീട് പണിഞ്ഞാല്‍ എത്രത്തോളം അനുകൂലമായിരിക്കും എന്നെല്ലാം ഭൂമിയെപ്പറ്റി അറിവുള്ള വാസ്തുപണ്ഡിതന് പറയാന്‍ സാധിക്കും. ധാരാളം അന്ധവിശ്വാസം വാസ്തുശാസ്ത്രത്തില്‍ പലരും പുലര്‍ത്താറുണ്ട്. അതു തെറ്റാണ്. സൂര്യനില്‍നിന്നും ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നു. സൂര്യന് പിതാവായും ഭൂമി മാതാവായും കണക്കെടുത്തു വേണം ഒരു ഗൃഹം നിര്‍മിക്കുവാന്‍.
വാസ്തുവിദ്യക്കു ശാസ്ത്രീയതയുണ്ടെന്ന് അവകാശപ്പെടാന്‍ കാരണം?
പ്രപഞ്ചത്തിന്റെ നിലനില്‍പ്പുതന്നെ ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഫിസിക്സ് ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. സൂര്യനാണ് ഭൂമിയുടെ മുഖ്യ ഊര്‍ജ സ്രോതസ്സ്. സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും പുറപ്പെടുവിക്കുന്ന ആകര്‍ഷണ, വികര് ഷണത്തിലുള്പ്പെട്ട ഒരു ചെറുഗോളമാണ് ഭൂമി. ഈ ഭൂമി ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞ് സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നു എന്നു ശാസ്ത്രജ്ഞന്മാര് തന്നെ സമ്മതിക്കുന്നു.
മേശപ്പുറത്തിരിക്കുന്ന ഒരു ഗ്ലോബ് സ്പീഡില്‍ കറക്കി നോക്കൂ. അതിനു ചുറ്റും ഊര്‍ജപ്രവാഹം കാറ്റായി പുറപ്പെടുന്നതു കാണാം. അങ്ങനെയെങ്കില്‍ ഭൂമിയുടെ ഉപരിതലത്തില്‍ വീടുകെട്ടി പാര്‍ക്കുന്ന നമുക്കും ഈ ഊര്‍ജനില ബാധകമാണ്. വീടിനുചുറ്റുമുള്ള കോമ്പൗണ്ടിനകം ഒരു വാസ്തുമണ്ഡലമായി പരിഗണിക്കുമ്പോള്‍ ഈശാനകോണില് (വടക്ക് കിഴക്ക്) നിന്നാണു ഭൗമോര്‍ജം പ്രാപഞ്ചികോര്‍ജം എന്നിവ ഉത്ഭവിക്കുന്നത്. ഭൂമി ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞ് പ്രദക്ഷിണം ചെയ്യുന്നതിനാല്‍ ഈ ഊര്‍ജം തെക്കുഭാഗത്തേക്ക് കടന്ന് കന്നിമൂല വഴി വീടിനുള്ളില്‍ കടക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഊര്‍ജനിലയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. വാസ്തുശാസ്ത്രത്തിനെ മതപരമായ അന്ധവിശ്വാസം കലര്‍ത്തി പണം തട്ടുന്നവരോട് യോജിപ്പില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാനസിക സംവേദനത്തിലൂടെ ഉണ്ടാകേണ്ട അദൃശ്യ ഊര്‍ജ വിനിമയമാണ് മനഃശാന്തിക്കും ഐശ്വര്യത്തിനും വഴിയൊരുക്കുന്നത്.
വീടിനുപുറത്ത് വാസ്തുസംബന്ധമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീടുനില്‍ക്കുന്ന കോമ്പൗണ്ടിന്റെ നാലു മൂലകളിലും സെപ്റ്റിക്ക് ടാങ്ക്, അടിച്ചു നനയ്ക്കുന്ന കല്ല്, പുറം ബാത്ത് റൂമുകള്‍, പുറത്തെ തീയടുപ്പുകള്‍, എക്സ്റ്റന്‍ഷനുകള്‍, വിറകുപുര ഇവയൊന്നും കെട്ടി കോമ്പൗണ്ടിലെ എനര്‍ജിയുടെ പ്രവാഹത്തെ തടുക്കരുത്. വീടിന്റെ നാലുമൂലയും കഴിയുന്നത്ര ശുചിയായി സൂക്ഷിക്കണം. മൃഗങ്ങളുടെ വാസസ്ഥാനം വായുകോണായ വടക്കുപടിഞ്ഞാറേ മൂലയില്‍ വീടിനോടു ചേര്‍ക്കാതെ അഞ്ചടിയിലെങ്കിലും മാറ്റി പണിയാം. പശുത്തൊഴുത്തു കിഴക്കും പോത്തിനു തൊഴുത്ത് തെക്കുഭാഗത്തും നിര്‍മിക്കണം. വീടിന്റെ ഈശാനകോണ്, കന്നിമൂല എന്നീ സ്ഥാനത്തുനിന്നും പുറത്തുനിന്നുമുള്ള സ്റ്റെയര്‍കെയ്സ് എപ്പോഴും മൂലകളില്‍നിന്നും അഞ്ചടി വിട്ടുകെട്ടിത്തുടങ്ങണം. മൂലകളില്‍ പൈപ്പുകള്‍, വേസ്റ്റ് ഇടുന്ന ടാങ്ക് എന്നിവ പാടില്ല. മഴവെള്ളം ഡ്രെയിനേജ് വെള്ളം ഇവ ഒരിക്കലും കോമ്പൗണ്ടില്‍നിന്നും തെക്കുദിശയിലേക്ക് ഒഴുകാന്‍ ഇടയാകരുത്. സെപ്റ്റിക്ക് ടാങ്കുകള്‍ മൂലവിട്ട് (അഞ്ചടി) സ്ഥാപിക്കാം. വീടിന് ഏറ്റവും കൂടുതല്‍ മുറ്റം നല്‍കേണ്ടത് കിഴക്കും വടക്കും ഭാഗത്താണെന്നു മറക്കരുത്. ടെറസ്സിലെ ജലസംഭരണി വടക്കും ഭാരമുള്ള സാധനങ്ങള്‍ തെക്കുഭാഗത്തും സ്ഥാപിക്കണം.
വീടുപണിയാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട സംഗതി മനോഹാരിതയ്ക്കുവേണ്ടി വീടിന്റെ നാലു മൂലകളിലും കോണ്‍കട്ട് ചെയ്യുകയേ അരുത്. അകത്തേക്ക് അവിടവിടെ പൊള്ളയായ എലിവേഷനുകളും ഒഴിവാക്കണം. ഒരു തരത്തിലും വീടിന്റെ ചുമരുകള്‍ ചുറ്റുമതിലിനോടു ചേര്‍ത്തു പണിയരുത്. അയല്പക്കത്തെ വീടിന്റെ ഭാഗം നമ്മുടെ ചുറ്റുമതിലില്‍ തൊടാനും പാടില്ല.
വീടിന്റെ മുന്‍ഗേറ്റ് ഒരിക്കലും പൂമുഖവാതിലിനു നേരേ പണിയരുത്. പണം നില്‍ക്കില്ല. പൂമുഖം കിഴക്കായാല്‍ ഗേറ്റ് അല്‍പ്പം വട ക്കോട്ടു നീക്കി ആകാം. തെക്കായാല്‍ വീടിന്റെ മധ്യഭാഗത്തു നിന്നും ഗേറ്റ് കിഴക്കോട്ടു മാറിയും പടിഞ്ഞാറായാല്‍ വീടിന്റെ മധ്യ ഭാഗത്തുനിന്നും വടക്കോട്ടായും വടക്കുദര്ശനം വരുന്ന വീടിന്റെ മധ്യഭാഗത്തുനിന്നും കിഴക്കോട്ടുമാറ്റിയും സ്ഥാപിക്കണം. രണ്ടു പൂമുഖ വാതില്‍, രണ്ട് അടുക്കള, രണ്ടു പൂജാമുറി ഇവ ഒരു വീടിനും നന്നല്ല. മുകളില്‍നിന്നുള്ള സ്റ്റെയര്‍കെയ്സ് പൂമുഖ വാതിലിന് നേരേ ഒരിക്കലും വരരുത്. അങ്ങനെ വന്നാല്‍ ആ വീട്ടിലെ സമ്പത്തു നഷ്ടപ്പെടുകയും കൂടാതെ ആ ഗൃഹത്തിലെ സ്ത്രീകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഒരു പൊതുവഴി അവസാനിക്കുന്നിടത്ത് വഴിക്കു നേരേ വീടു പണിയരുത്. ആരാധനാലയങ്ങളില്‍നിന്നും 50 കോല് വിട്ടു വീട് പണിയാം. ഉഗ്രമൂര്‍ത്തികളുടെ നേരേ മുന്‍വശങ്ങളിലും വലതുവശവും വീടു വയ്ക്കരുത്. വീടിനും ആരാധനാലയത്തിനും ഇടയ്ക്ക് പൊതുവഴി ഉണ്ടെങ്കില്‍ വലിയ ദോഷം വരാതിരിക്കാം.
വീടിരിക്കുന്ന ദിക്കിന്റെ സ്വാധീനം ഏതു രീതിയിലാണ് അതില്‍ വസിക്കുന്നവരെ സ്വാധീനിക്കുന്നത്?
പൊതുവായി കിഴക്കും വടക്കും വീടിനു ദര്‍ശനം വയ്ക്കുന്നതു നല്ലതാണ്. എന്നാല്‍ 27 നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തികളുടെ ഭാഗ്യദിക്ക് കണക്കാക്കി പൂമുഖ വാതില്‍ കൊടുക്കുന്നത് ഉത്തമമാണ്.
സ്ഥലം കൂടുതല്‍ ഉണ്ടെങ്കില്‍ ആദ്യം വീടു പണി തുടങ്ങേണ്ടത് ഏതു ഖണ്ഡത്തിലാണ്?
പ്രസ്തുത വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗം വരുന്ന ഈശാനഖണ്ഡത്തിലാണ് തുടങ്ങേണ്ടത്.
വീടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?
വടക്കുകിഴക്ക് ഭാഗവും കിഴക്കു വടക്ക് ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: