- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in- ല്‍
- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 17 വൈകിട്ട് 5 മണിവരെ
- എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ
- മെഡിക്കല്‍, എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ മുതലായ ഏത് കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി
- മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് നീറ്റ്-യുജി 2024 ല്‍ യോഗ്യത നേടണം
- നാറ്റ 2024 സ്‌കോര്‍ അടിസ്ഥാനത്തിലാണ് ബി ആര്‍ക് പ്രവേശനം
സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്/ഫാര്‍മസി ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ ഒന്ന് മുതല്‍ ഒന്‍പത്‌വരെ നടത്തും. ഏപ്രില്‍ 17 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എന്‍ജിനീയറിങ്/ഫാര്‍മസി/മെഡിക്കല്‍/അഗ്രികള്‍ച്ചര്‍/ആര്‍ക്കിടെക്ചര്‍ മുതലായ ഏത് കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി. മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളില്‍ നീറ്റ് യുജി 2024 റാങ്ക് പരിഗണിച്ചും ബി ആര്‍ക് നാറ്റ 2024 സ്‌കോര്‍ അടിസ്ഥാനത്തിലുമാണ് പ്രവേശനം.
ഇനി പറയുന്ന കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മെഡിക്കല്‍ കോഴ്‌സുകള്‍- എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുര്‍വേദ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി).
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍- ബിഎസ്‌സി (ഓണേഴ്‌സ്- അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് -ബയോ ടെക്‌നോളജി, (കേരള കാര്‍ഷിക സര്‍വകലാശാല), ബിവിഎസ്‌സി ആന്റ് എച്ച് (വെറ്ററിനറി), ബിഎഫ്എസ്‌സി (ഫിഷറീസ്).
എന്‍ജിനീയറിങ് കോഴ്‌സുകള്‍- ബിടെക് (എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ളത്), ബിടെക്- അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി (കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ളത്), ബിടെക്- ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി (കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്), ബിടെക്- ഫുഡ് ടെക്‌നോളജി (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ കീഴിലുള്ളത്), ബിഫാം, ബിആര്‍ക്.
പ്രവേശന യോഗ്യത: എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകള്‍ക്ക്- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് ഉള്‍പ്പെടെ ഇതേ വിഷയങ്ങള്‍ ഓരോന്നിനും പ്രത്യേകം മിനിമം പാസ്മാര്‍ക്കും നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിഎഎംഎസ്/ബിഎച്ച്എംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ് കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് ഉള്‍പ്പെടെ ഇതേ വിഷയങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകം മിനിമം പാസ്മാര്‍ക്കും നേടി ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിഎസ്‌സി- അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ബിഎഫ്എസ്‌സി, ബിടെക്- ബയോടെക്‌നോളജി കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബിഎസ്‌സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സിനും ഇതേ യോഗ്യത മതി. കൂടാതെ ഹയര്‍ സെക്കന്ററി തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്നുമുണ്ട്.
ബിവിഎസ്‌സി ആന്റ് എഎഎച്ച് കോഴ്‌സ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്ക് നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിടെക് കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരുന്നാല്‍ മതി. കെമിസ്ട്രിക്ക് പകരം കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി വിഷയങ്ങള്‍ പഠിച്ചവരെയും പരിഗണിക്കും.
ബിആര്‍ക് കോഴ്‌സിന് ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷയോ ത്രിവത്‌സര ഡിപ്ലോമയോ (കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം) (50% മാര്‍ക്കില്‍ കുറയരുത്) പാസായിരിക്കണം.
ബിഫാം കോഴ്‌സിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ബയോളജി വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
എസ്‌സി/എസ്ടി/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ മാര്‍ക്കിളവുണ്ട്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് ‘കീം 2024’ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് എന്‍ജിനീയറിങ്/ഫാര്‍മസി- ജനറല്‍ 875 രൂപ. എസ്‌സി 375 രൂപ. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകള്‍- ജനറല്‍ 625, എസ്‌സി 250 രൂപ, എന്‍ജിനീയറിങ് ആന്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ജനറല്‍ 1125 രൂപ. എസ്‌സി 500 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് ഫീസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: