‘അസുര്യാ നാമ തേ ലോകാ
അന്ധേന തമസാവ്രതാഃ
താം പ്രത്യാഭിഗച്ഛന്തി
യേ കേ ചാത്മഹനോ ജനാഃ’
(അസുരസംബന്ധികളെന്ന് പ്രസിദ്ധങ്ങളായ ആ ലോകങ്ങള്‍, കൂരിരുട്ടിനാല്‍ മൂടപ്പെട്ടതാകുന്നു. ഏതെല്ലാം ജനങ്ങള്‍ ആത്മഘാതികളായി തീരുന്നുവോ അവര്‍ പ്രേതമായി ആ ലോകങ്ങളെ പ്രാപിക്കുന്നു.)
കര്മ്മബന്ധനങ്ങളുടെ പിന്തുടര്ച്ചയില്, പ്രകൃതി സ്വീകരിക്കുന്ന മാനദണ്ഡമാണ് ഇവിടെ പറയുന്നത്. ജീവനേയും ജഗത്തിനേയും ബന്ധിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി, നമ്മുടെ പൂര്‍വികര്‍ക്ക് ഉണ്ടായിരുന്ന അറിവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലേ ഇത് പൂര്‍ണമായും മനസ്സിലാക്കുവാന്‍ കഴിയൂ.
മനുഷ്യശരീരം എന്നാല്‍ ഒരുപാട് ചിട്ടപ്പെടുത്തിയ ഊര്ജങ്ങളാല് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രമാണ്. ഈ ഊര്‍ജത്തെ അവര്‍ പ്രാണനെന്നാണ് പറയുന്നത്. പല തട്ടുകളിലുള്ള പ്രാണങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്നതാണ് ഓരോ ശരീരവും.
അതില്‍ ബോധം തിളങ്ങുകയും കൂടി ചെയ്യുമ്പോഴാണ് മനുഷ്യന് അടങ്ങുന്ന ജീവരാശി യാഥാര്‍ത്ഥ്യമാകുന്നത്. അവരുടെ ചിന്തയില്‍ ജ്യോതിസ്വരൂപനായ ഈശ്വരനില്‍ നിന്നുള്ള തിളക്കമാണ് നമ്മില്‍ ബോധമായി അനുഭവ പ്പെടുന്നത്. അത് ശരീരത്തിന്റെ സൃഷ്ടിയല്ല. യുക്തിയിലൂടെ നോക്കിയാല്‍ ആ സത്യം നമുക്കും വെളിവാകും. നന്നായി ഭക്ഷണം കഴിച്ച് പുഷ്ടിപ്പെട്ട ശരീരത്തിലും, തീരെ മെലിഞ്ഞിരിക്കുന്ന ശരീരത്തിലും ബോധം പ്രകാശിക്കുന്നത് ഒരുപോലെയാണ്. യഥാര്‍ഥത്തില്‍ ശരീരം ഇതിനെ പോഷിപ്പിക്കുന്നുമില്ല, ശോഷിപ്പിക്കുന്നുമില്ല. അതു കൊണ്ടുതന്നെ ശരീരത്തിന്റെ നാശം ഒരിക്കലും അതിന്റെ നാശവുമല്ല.
ഇവിടെ നാം നേരിടുന്ന നാശത്തെ അല്ലെങ്കില്‍ മരണത്തെക്കുറിച്ച് പൂര്‍വികര്‍ക്ക് വ്യക്തമായ കാഴ്ച്ചയുണ്ടായിരുന്നു. അത് അവരുടെ ചില ബിംബകല്‍പ്പനകളിലൂടെ നമുക്ക് എളുപ്പം മനസ്സിലാകും. സൂര്യചന്ദ്രന്മാര്ക്ക് ഇടയിലാണ് അവര്‍ ഇവിടുത്തെ ജനനത്തേയും മരണത്തേയും കണ്ടിരുന്നത്. നാം മരിക്കുമ്പോള്‍ നമ്മിലെ മൂന്നാമത്തെ കാലമായ ആദ്ധ്യാത്മികസത്തയിലെ സൂര്യപ്രകാശം (ആത്മചൈതന്യം അഥവാ ബോധം) ഈ ശരീരത്തിന് നഷ്ടമാകുന്നു. ജീവനില്‍ അന്ധകാരം നിറയുമ്പോഴും, രാത്രിയുടെ ആ ആകാശത്ത് പ്രകാശമുണ്ടായിരിക്കും. മറഞ്ഞുപോയ സൂര്യന്റെ സ്ഥാനത്ത് നിന്നും തിളങ്ങുന്നത് ചന്ദ്രനായിരിക്കുമെന്ന് മാത്രം.
മരിച്ചു പോയ ആളുടെ ഉള്ളില്‍ മരിക്കാതെ അവശേഷിക്കുന്ന മനസ്സിന്റെ സൂക്ഷ്മരൂപമാണ്, അവര്‍ കാണുന്ന തിളങ്ങുന്ന ചന്ദ്രന്. ഈ ലോകത്തെ ചന്ദ്രന് സ്വയം പ്രകാശിക്കാനുള്ള കഴിവില്ലല്ലോ? എന്നാല്‍ സൂര്യന്റെ പ്രകാശം ഏറ്റ് അതും പ്രകാശിക്കുന്നു. അതുപോലെയാണ് മനസ്സാകുന്ന ഈ ചന്ദ്രനും പ്രകാശിക്കുന്നത്. പക്ഷേ ഈ ചന്ദ്രന് ഇപ്പോള്‍ തിള ങ്ങുന്നത്, മറഞ്ഞുപോയ ആത്മചൈതന്യം കൊണ്ടല്ല. ജീവിച്ചിരുന്നപ്പോള്‍ അതിന് കിട്ടിയ തിളക്കം കൊണ്ടാണ്. അതാണ് മരണരാത്രിയിലും അസ്തമിക്കാതെ അതിനെ അവശേഷിപ്പി ക്കുന്നത്.
ചന്ദ്രന്റെ മുഖത്തെ കളങ്കങ്ങളാണ് അതിന്റെ യഥാര്‍ത്ഥ അവസ്ഥ. അതുപോലെ ദ്രവ്യസ്വഭാവത്തിലുള്ള കുറച്ചു വിവരങ്ങളാണ്, അഥവാ കര്‍മ്മഫലങ്ങളാണ് മനസ്സിന്റെ ഈ സൂക്ഷ്മരൂപവും. അതില്‍ നിങ്ങള്‍ ആരായിരുന്നു, എന്തായിരുന്നു, അല്ലെങ്കില്‍, ജനിച്ചതു മുതല്‍ മരണത്തിന്റെ നിമിഷം വരെ ഏതെല്ലാം വഴികളിലൂടെ, എങ്ങനെയെല്ലാം സഞ്ചരിച്ചാണ് വരുന്നതെന്നുമുള്ള എല്ലാ വിവരങ്ങളും ഉണ്ടാകും. ഇതാണ് പുതിയ സൃഷ്ടിക്ക് കാരണമാകുന്നതെന്നും പറഞ്ഞിട്ടുണ്ടല്ലോ? അങ്ങനെ മരണത്തെ കടന്ന് ജനിക്കുന്നതിനാലാണ്, ആ ചന്ദ്രനില്‍ നിന്നാണ് ജീവന്മാര് വരുകയും പോകുകയും ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞിരുന്നത്.
ഈ ദര്‍ശനമാണ്, പുനര്ജന്മധര്മ്മത്താല് തിളങ്ങുന്ന ചന്ദ്രനെ അവരുടെ പിതൃക്കളൂടെ ലോകമാക്കുന്നത്. ആശയതലത്തിലുള്ളതാണ് അവരുടെ ചന്ദ്രലോകം. അവിടെയല്ല ശാസ്ത്രത്തിലൂടെ മനുഷ്യന് കാലുകുത്തുന്നത്. നിങ്ങള്‍ ആഗ്രഹങ്ങളായി കൊണ്ടുനടന്നത് വില്ലനാകുന്നത് ഇവിടെയാണ്. നേടിയതും നേടാനാകാത്തതുമായ കാര്യങ്ങളുടെ ആ അവശേഷിപ്പ്, നിങ്ങളെ ദ്രവ്യലോകത്തെ വിട്ടു പോകാന്‍ സമ്മതിക്കാതെ; ഭൂമിയെതന്നെ വലയം ചെയ്യുന്ന ചന്ദ്രനെപോലെ, ഇട്ട് വട്ടം ചുറ്റിക്കും. അതുകൊണ്ടാണ് ഒന്നും ആഗ്രഹിക്കാതെ ഇതിനെയെല്ലാം അനുഭവിച്ചുകൊള്ളുവാന്‍ പറഞ്ഞത്. അതായത് നന്നായി പ്രയത്നിച്ച് (കര്‍മ്മം ചെയ്ത്ത്), നേടാന്‍ കഴിയുന്നതെല്ലാം നേടുക. കിട്ടിയതില്‍ സംതൃപ്തനാകുക. കിട്ടാത്തതിനെ ചുമന്ന് നടക്കാതിരിക്കുക.
മരണ സമയത്ത് നമ്മളില്‍ നടക്കുന്നത് ഒരു പരിധിവരെ നിത്യവും ഉറക്കത്തിന്റെ രൂപത്തില്‍ നാം അനുഭവിക്കുന്നതാണ്. ആദ്യ ഘട്ടമായി ഇന്ദ്രിയങ്ങളില്‍ കൂടി പ്രവര്‍ത്തിച്ചിരുന്ന മനസ്സിന്റെ ശക്തികള്‍ മനസ്സിലേക്ക് തന്നെ പിന്‍വാങ്ങുന്നു. അതായത് ഇന്ദ്രിയങ്ങളായും വാക്കായും വ്യാപിച്ചിരുന്ന ശരീരത്തിലെ ശക്തികള്‍ മനസ്സെന്ന കേന്ദ്രത്തിലേക്ക് ചൂരുങ്ങും. അവിടെനിന്ന് മനസ്സ് സ്വപ്നമെന്ന അവസ്ഥയേയും താണ്ടി, സുഷുപ്തിയിലേക്ക് സാവധാനം കടക്കുന്നു. അതാണ്, നമ്മള് ഗാഢനിദ്രയായി അനുഭവിക്കുന്നത്. അതായത് ജാഗ്രത്തും, സ്വപ്നവും പിന്നിട്ട്, അത് സൂഷുപ്തിയെ പ്രാപിക്കുന്നതാണ് ഉറക്കം.
നാം ഉണര്‍ന്നിരിക്കുമ്പോള്‍, കാണുകയും കേള്‍ക്കുകയും തൊടുകയുമൊക്കെ ചെയ്ത് ഈ ലോകത്തെ അനുഭവിക്കുന്ന മനസ്സിന്റെ അവസ്ഥയാണ് ജാഗ്രത്ത്. എന്നാല്‍ സ്വപ്നത്തില്‍ അതിന് ഈ ലോകത്തിന്റെ സഹായമില്ലാതെതന്നെ ലോകത്തെ കാണുകയും കേ ള്‍ക്കുകയും തൊടുകയുമൊക്കെ ചെയ്യാം. ആ അവസ്ഥയില്‍ തനിക്ക് വേണ്ട ലോകമായി, അനുഭവിച്ച ലോകത്തെ അത് മാറ്റി വരയ്ക്കും. എന്നുപറഞ്ഞാല്‍ ജാഗ്രത്ത് ഭാവത്തില്‍ അതിന് കിട്ടിയ വിവരങ്ങളെ സ്ഥലവും കാലവും മാറിയ രീതിയില്‍ പുനര്സൃഷ്ടിച്ചെടുക്കും. അങ്ങനെയാണ് ഒരു വീടിന്റെ ഒരു മുറി കടന്ന് അടൂത്തതില്‍ പോകുമ്പാള്‍ നാം വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ ഒക്കെ എത്തുന്നത്. (ഇതിന്റെ സങ്കല്‍പ്പിക്കുവാനുള്ള ഈ കഴിവാണ് മരണാനന്തരം തനിക്കുവേണ്ട ശരീരത്തെയും സൃഷ്ടിച്ചെടുക്കുന്നത്) എന്നാല്‍ ഈ കളികളൊക്കെ മതിയാക്കി തന്റെ സ്വരൂപമായ നിശ്ചല ബോധാവസ്ഥയിലേക്ക് മനസ്സ് ഒതുങ്ങുന്നതാണ് സുഷുപ്തി. അപ്പോള്‍ നാം അനുഭവിക്കുന്നത് പൂര്‍ണമായ വിശ്രമമാണ്. അത് ശരീരതലത്തിലെ ആനന്ദമാണ്. ആ ആനന്ദത്തെയാണ് ഉണര്‍ന്ന് വരുമ്പോള്‍, ഓ…എന്തൊരു സുഖമായിരുന്നു…ഒന്നും അറിഞ്ഞില്ല നന്നായി ഉറങ്ങിയെന്നെല്ലാം നാം പറയുന്നത്.
എന്നാല്‍ പതിവിന് വിപരീതമായി മനസ്സിന്റെ തലം വിട്ട് സൂക്ഷ്മരൂപിയായ ബോധം, തന്റെ മൂന്ന് കാലത്തേയും കടന്ന് സ്വരൂപമായ, എങ്ങും നിറഞ്ഞുനില്ക്കുന്ന നിത്യതയെ വീണ്ടെടുക്കുന്നതിനെയാണ്, നമ്മള് ദുരന്തമായും ഇനി ഒരിക്കലും തിരിച്ചുവരുവാന്‍ കഴിയാത്ത ഗാഢനിദ്രയിലേക്ക് പോയതായും പറയുന്നത്. ഇങ്ങനെ ബോധം ശരീരത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍, ആവിഷ്കാരശക്തിയുള്ള മനസ്സിന്റെ സൂക്ഷ്മരൂപം ശരീരതലം വിട്ട്, പുതിയ ശരീരങ്ങളെ ഉണ്ടാക്കുവാനായി പുറത്തേക്കും പോകുന്നു. ഇതാണ് സമ്പൂര്‍ണമാ യ മരണം.
ശരീരം വിട്ട് പോകുന്ന, തിളക്കമുള്ള ആ വിവരങ്ങളുടെ സത്തയെയാണ് ഇവിടെ പ്രേതങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിലുള്ള ദ്രവ്യാംശമനുസരിച്ച് അത് പിണ്ഡലോകങ്ങളില് ചെന്നുചേരും. ഒരുപക്ഷേ അതിനുവേണ്ട പുതിയ ശരീരത്തെ ഉണ്ടാക്കിയെടുക്കേണ്ടത്, ബോധത്തിന്റെ തെളിച്ചത്തെ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, തമോഗര്ത്തങ്ങളിലാണെങ്കില്, ആ യാത്ര അങ്ങോട്ടേയ്ക്ക് നീളും. നിങ്ങള്‍ എന്താണോ വിതച്ചത് അത് കൊയ്ത് കിട്ടും. ഇവിടെ അറിയേണ്ട മറ്റൊരു കാര്യം, ദ്രവ്യത്തിന്റെ ഭാവത്തെ പൂര്‍വികര്‍ ആസുരികമെന്നും അല്ലെങ്കില്‍ മരിച്ചുപോകുന്ന അസുരന്മാരെന്നും, ഊര്‍ജത്തിന്റെ ഭാവത്തെ ദൈവികമെന്നും അല്ലെങ്കില്‍ മരണമില്ലാത്ത ദേവന്മാരെന്നുമാണ് പറഞ്ഞിരു ന്നത്. അങ്ങനെയാണ് കൂരിരുട്ടിനാല്‍ മൂടപ്പെട്ട അസുരസംബന്ധികളെന്ന് പ്രസിദ്ധങ്ങളായ ലോകങ്ങളില്‍ ആത്മാവിന്റെ കൊലയാളികളായ മനുഷ്യര്‍, അതായത് തന്നിലെ ബോധചൈതന്യത്തെ സാക്ഷാത്കരിക്കാത്തവരെല്ലാം പ്രേതങ്ങളായി എത്തുന്നത്. ആത്മഘാതകരായി ഇരുണ്ട ലോകങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷ്യവും അര്‍ത്ഥവും ഇല്ലാതെ ഇവിടെ ജീവിക്കുന്ന സാധാരണക്കാരായ നമ്മളൊക്കെ തന്നെയാണ്. കയ്ക്കുന്നതെ ങ്കിലും ആ യഥാര്‍ത്ഥ്യത്തെയാണ് ഉപനിഷത്ത് ഓര്‍മ്മപ്പെടുത്തുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: