അനേകം പ്രത്യേകതകളുള്ള മഹാഭാരതമെന്ന അദ്ഭുത രചന തന്റെ ആത്മകഥ തന്നെയാണെങ്കിലും അതില്‍ തന്റെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ സാദ്ധ്യതയുള്ളതുമായ സംഭവപരമ്പരകള്‍ക്ക് അവശ്യം വേണ്ട കാല്പനികപരിവേഷം നല്കി കൗതുകവര്‍ദ്ധകമായ വിധത്തില്‍ ഐതിഹാസികമായ കഥാ കാവ്യമായാണ് വ്യാസഭഗവാന് സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ താന്‍ ജീവിച്ച ദ്വാപരയുഗത്തിന്റെ അവസാനകാലത്തെ ജനങ്ങളുടെ ഉത്ഥാന പതനങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും സമാശ്വാസ സാന്താസങ്ങളുടേയും അവയുടെയെല്ലാം സൂക്ഷ്മവും ആന്തരവുമായ ശാശ്വതഭാവങ്ങളുടെയും മനോവൃത്തികളുടെയും വാസ്തവ സ്ഥിതികളെ ഋഷികവിയായ ആ മഹാത്മാവ് സ്വകീയമായ ക്രാന്തദര്‍ശിത്വം കൊണ്ട് സാക്ഷാത്കരിച്ച് സന്ദര്‍ഭാനുരോധേന മഹാഭാരതമെന്ന ആഖ്യായികാകാവ്യത്തില് ഇണക്കിച്ചേര്‍ത്തു. ഇതിലെ ആധികാരികമായ കഥ ഭരതന്മാരുടെ ജീവിതമാകയാല്‍ ഭാരതം എന്നോ ഇതിന്റെ പരപ്പും ആഴവും അഥവാ വിരാടതയും മഹത്ത്വവും മനസ്സിലാക്കി മഹാഭാരതം എന്നോ എല്ലാം അഭിജ്ഞന്മാരാല്‍ അഭഹിതമാക്കപ്പെട്ടു. എങ്കിലും വ്യാസഭഗവാന് ഇതിനു നല്‍കിയിരുന്ന പേര് ‘ജയം’ എന്നായിരുന്നു.
ജയം എന്ന പേര്
ജയം എന്ന പേരുകള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് ആരുടെ അഥവാ എന്തിന്റെ ജയമാണ് ഇതിലെ വര്‍ണ്യ വിഷയം? ഉത്തരവും കൂടെത്തന്നെ ലഭിക്കുന്നുണ്ട്. ധര്‍മ്മത്തിന്റെ ജയം: ഇക്കാര്യം കാവ്യത്തില്‍ പലപാട് ഉദീരണം ചെയ്തിട്ടുമുണ്ട് ‘യതോ ധര്മ്മസ്തതോജയഃ’ (എവിടെ ധര്‍മ്മമുണ്ടോ അവിടെയാണ് ജയം)എന്നാല്‍ ധര്‍മ്മം നിരാശ്രയമായി നില്ക്കുകയില്ല. ധര്മ്മിഷ്ഠരിലാണ് ധര്‍മ്മം നില്‍ക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ലക്ഷണാശക്തികൊണ്ട് ഇതിന്റെ താത്പര്യം ധര്‍മ്മിഷ്ഠരുടെ അഥവാ ധര്‍മ്മത്തെ സ്വപ്രവൃത്തികളില്‍ അനുവര്‍ത്തിക്കുന്നവരുടെ ജയമാണ് ഇവിടെ അഭിപ്രേതമാവുന്നത്. എന്നാല്‍ ഈ പേര് സാര്‍ഥകമാകണമെങ്കില്‍ അതിന്റെ അര്‍ഥം വ്യഞ്ജിപ്പിക്കുന്നതാ കണം. ഈ ചരിത്രാഖ്യായികയിലെ ആധികാരികകഥ. അതിന് നായകനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അഥവാ അദ്ദേഹത്തിന്റെ കൂടെ നില്ക്കുന്നവരുടെ ഒരുപക്ഷം ആവശ്യമാണ്. അതേപോലെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പക്ഷത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മിഴിവേകാന്‍ ഒരു പ്രതിനായകനും അയാളുടെ പക്ഷവും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ഇതിന് ഈ ഇതിഹാസത്തിന്റെ കവി തിരഞ്ഞെടുത്തിട്ടുള്ളത് അന്വര്‍ത്ഥനാമാവായ ധര്‍മ്മപുത്രരേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെ അഥവാ പാണ്ഡവന്മാരെ ആദ്യപക്ഷമായും പ്രതിനായകപക്ഷത്തെ പ്രധാനി ദുര്യോധനനും അയാളുടെ കൂടെയുള്ള വരെ അഥവാ കൗരവപക്ഷത്തെ രണ്ടാമത്തെ പക്ഷമായും സ്വീകരിച്ചു. ആദ്യപക്ഷത്തിന് ധര്‍മ്മപക്ഷമെന്നും എതിര്‍പക്ഷത്തിന് അധര്മ്മപക്ഷമെന്നും അവരുടെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തി പറയാവുന്നതാണ്. ഈ രണ്ടു പക്ഷങ്ങളുടേയും പരസ്പര സംഘര്‍ഷത്തിന്റെ പ്രതിപാദനവും ആത്യന്തികമായി ധര്‍മ്മപക്ഷത്തിന്റെ ജയവുമാണ് ഈ കാവ്യത്തിലെ വര്‍ണ്യവസ്തു.
ധര്‍മ്മത്തോട് ആഭിമുഖ്യം വളര്‍ത്തുക
ഇങ്ങനെ ധര്‍മ്മത്തിന്റേയും ധര്മ്മിഷ്ഠരുടെയും ജയമായി ഈ കാവ്യത്തിലെ പ്രതിപാദ്യം വര്.ിച്ച കവിയുടെ ഉദ്ദേശ്യം എന്തായിരുന്നു? അത് വളര്‍ന്നുവരുന്ന പ്രയത്നശാലികളായ പുതിയ തലമുറകള്‍ക്ക് കൂടുതല്‍ കൂടുതലായി ധര്‍മ്മത്തില്‍ ആസ്ഥ അഥവാ ആഭിമുഖ്യം ഉണ്ടാവണമെന്ന ഒരേയൊരു ഉദ്ദേശ്യമാണ്. ഇക്കാര്യം കാവ്യാരംഭത്തിന്റെ തന്നെ കവി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.’ധര്‍മ്മേ മതിര്‍ഭവതു വ സ്സതതതോത്ഥിതാനാം'(സതതം ഉത്തിഷ്ഠമാനരായ, വളര്‍ന്നു വരുന്നവരായ നിങ്ങള്‍ക്ക് ധര്‍മ്മത്തില്‍ മതി അഥവാ ബുദ്ധി, ആസ്ഥ, ആസക്തി താത്പര്യം ഉണ്ടാവട്ടെ. ഇതാണ് കവിയുടെ ആശംസ അഥവാ പ്രാര്‍ത്ഥന. പിന്നീട് ഈ ഇതിഹാസം വികസിക്കുന്നതോടൊപ്പം ഉദാഹരണങ്ങള്‍ വഴിയും ഉപാഖ്യാനങ്ങളിലൂടെയും പ്രമുഖ പാത്രങ്ങളുടെ പ്രവൃത്തികളിലൂ ടെയും വികസ്വരമാകുന്ന ഈ ധര്‍മ്മസന്ദേശത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വര്‍ദ്ധിക്കുന്നതും കാണാവുന്നതാണ്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: