ന്യൂദല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അഭിഭാഷകര്‍ കത്തുനല്കി. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്‌ക്കും അന്തസിനും നേര്‍ക്കു കടന്നാക്രമണം നടക്കുകയാണെന്ന് കത്തില്‍ മുന്നറിയിപ്പ് നല്കുന്നു. രാഷ്‌ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസു കെടുത്താന്‍ ശ്രമിക്കുകയാണ്. ഇക്കൂട്ടത്തില്‍ ചില അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ട്, കത്തില്‍ വ്യക്തമാക്കുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മന്നന്‍ കുമാര്‍ മിശ്ര, ആദിഷ് അഗര്‍വാള്‍, ചേതന്‍ മിത്തല്‍, പിങ്കി ആനന്ദ്, സ്വരൂപമ ചതുര്‍വേഥി, ഹിതേഷ് ജയ്ന്‍, ഉജ്വല പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ അറുന്നൂറിലേറെ അഭിഭാഷകരാണു കത്തെഴുതിയിരിക്കുന്നത്.
‘ജുഡീഷ്യറി ഭീഷണിയില്‍; രാഷ്‌ട്രീയ, ഔദ്യോഗിക സമ്മര്‍ദങ്ങളില്‍ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് കത്ത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നു എന്നാണു കത്തിലെ പ്രധാന ആരോപണം. രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളിലാണ് ഇത്തരത്തില്‍ സമ്മര്‍ദവും സ്വാധീനവുമുണ്ടാകുന്നത്. സമകാലീന കോടതി നടപടികളില്‍ ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. പണ്ടൊരു സുവര്‍ണ കാലമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടത്തുന്നത്.
ചില കേസുകള്‍ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നില്‍ എത്തിക്കാനുള്ള ‘ബെഞ്ച് ഫിക്‌സിങ്’ നടക്കുന്നു എന്ന ആരോപണങ്ങളും കത്തില്‍ ഉന്നയിക്കുന്നു. ഇതു കോടതികളുടെ അന്തസിനും ബഹുമാനത്തിനും നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും കത്തില്‍ പറയുന്നു. ചില അഭിഭാഷകര്‍ പകല്‍ രാഷ്‌ട്രീയക്കാര്‍ക്കു വേണ്ടി നിലകൊള്ളുകയും രാത്രി മാധ്യമങ്ങളിലുടെ ന്യായാധിപന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അനുകൂലമായ വിധികള്‍ വരുമ്പോള്‍ കോടതിയെ പ്രശംസിക്കുകയും മറിച്ചാകുമ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത ശക്തമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: