വി.പി.സിങ് സര്‍ക്കാരിന്റെ പതനം കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന വിശാല സങ്കല്‍പ്പത്തിന്റെ വീഴ്ച കൂടിയായിരുന്നു. വാസ്തവത്തില്‍ മൂന്ന് നേതാക്കളുടെ വ്യക്തി താത്പര്യങ്ങളും പിടിവാശികളുമായിരുന്നു അതിന് അടിസ്ഥാനം. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണ വിഷയവും മണ്ഡല്‍ കമ്മിഷന്‍ പ്രകാരമുള്ള സംവരണവും മറ്റും പതനത്തിന് കാരണമായി എന്നു മാത്രം. ഒരുപക്ഷേ, ഇന്ന്, 2024 ല്‍ ലോകശ്രദ്ധയില്‍ ഭാരതത്തെ എത്തിച്ച പല സംഭവങ്ങളില്‍ പ്രമുഖമായ അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ കീര്‍ത്തി നരേന്ദ്ര മോദിക്കു പകരം വി.പി. സിങ് എന്ന പ്രധാമന്ത്രിക്ക് ലഭിച്ചേനെ. പക്ഷേ ഉറപ്പില്ലാത്ത വാക്കും അടിത്തറയില്ലാത്ത നിലപാടും ആര്‍ജവമില്ലാത്ത ഭരണനിര്‍വഹണവും അദ്ദേഹത്തിന് വിനയായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവും ബിഹാര്‍ മുഖ്യമന്ത്രി ലല്ലുപ്രസാദ് യാദവും സിങ്ങിനെ പിന്തുണയ്‌ക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ തോന്നിച്ചു. എങ്കിലും പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ വി.പി. സിങ്ങിന്റെ സ്ഥാനം ഇത്ര മോശമാക്കാന്‍ കാരണമായത് ആ രണ്ടു നേതാക്കളും ഇവര്‍ മൂന്നുപേരുടെയും സ്വാര്‍ത്ഥമോഹങ്ങളുമാണ്.
ദേശീയമുന്നണിക്ക് (എന്‍എഫ്) ബിജെപിയുടെ പിന്തുണ തേടി പാര്‍ട്ടി അധ്യക്ഷനായ എല്‍.കെ. അദ്വാനിക്ക് എന്‍എഫ് ചെയര്‍മാന്‍ എന്‍.ടി. രാമറാവുവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വി.പി. സിങ്ങും ചേര്‍ന്ന് കത്തെഴുതി. ബിജെപിയുടെ നിരുപാധിക പിന്തുണയാണ് ആവശ്യപ്പെട്ടത്. 1989 നവംബര്‍ 28ന് കിട്ടിയ കത്തിന് ബിജെപിയുടെ നിലപാടറിയിച്ച് അദ്വാനി മറുപടി നല്കി. അതില്‍ ‘നിരുപാധിക പിന്തുണ’ സാധ്യമേയല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രധാന വ്യവസ്ഥകളും വിശദമായി വിവരിച്ചു! ദേശീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികയും ബിജെപിയുടെ വാഗ്ദാന പത്രികയും രണ്ടാണ്. കോണ്‍ഗ്രസിന് എതിരാണ് ജനവിധി, പക്ഷേ, വ്യക്തമായി അത് ബിജെപിക്കോ അഞ്ചുപാര്‍ട്ടികളുടെ മുന്നണിക്കോ അനുകൂലമല്ല. ബിജെപിയുടെ വാഗ്ദാനങ്ങള്‍ക്കുകൂടി അനുസൃതമായിരിക്കണം എന്‍എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് എന്‍എഫ് കക്ഷികള്‍ കരുതുന്നതും പ്രചരിപ്പിക്കുന്നതും. അത് മാറണം. ഒപ്പം ഏക സിവില്‍ നിയമം, 370-ാം വകുപ്പ്, രാമക്ഷേത്രം, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയ വിഷയത്തില്‍ യുഎഫിന്റെ അണികള്‍ക്ക് ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകള്‍ മാറ്റണം. ഇതിനൊക്കെ സമയം എടുക്കും. അതിനാല്‍ പൊതുപിന്തുണ, അതേസമയം നിര്‍ണായക പിന്തുണ, നല്കാന്‍ ബിജെപി തയാറാണ്, അത് നിരുപാധികമാകില്ല എന്നായിരുന്നു മറുപടിയുടെ ചുരുക്കം.
വി.പി. സിങ്ങിനെ പിന്തുണയ്‌ക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അത്ര താത്പര്യമില്ലായിരുന്നു. ബിജെപി വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് സിങ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പില്‍, ജനതാദളുമായി യുപിയില്‍ ബിജെപിക്ക് ചില സീറ്റു ധാരണയുണ്ടായിരുന്നു. മഥുരയില്‍ ജനതാദളാണ് മത്സരിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചു. വി.പി. സിങ് അവിടെ പ്രചാരണത്തിനു വന്നപ്പോള്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കണമെങ്കില്‍ ജനതാദളിന്റെ കൊടികള്‍ക്കൊപ്പം ഉയര്‍ത്തിയിരിക്കുന്ന മുഴുവന്‍ ബിജെപിക്കൊടികളും നീക്കണമെന്ന നിബന്ധന വച്ചു, നിര്‍ബന്ധം പിടിച്ചു. മതേതരത്വത്തിന്റെ മഹോന്നത നേതാവാകാനുള്ള മത്സരത്തില്‍ വി.പി. സിങ്ങിന്റെ കടുംപിടിത്തം ഇത്തരത്തില്‍ പരസ്യമായിപ്പോലും തെരഞ്ഞെടുപ്പു കാലത്തും വന്നു. അത് ബിജെപി അണികളില്‍ അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍, ബിജെപി നേതൃത്വം അതെല്ലാം മറക്കാന്‍ തയാറായിരുന്നു; കാരണം കോണ്‍ഗ്രസ് അഴിമതി ഭരണത്തിന്റെ അറുതിയായിരുന്നു അവര്‍ ആഗ്രഹിച്ചത്. അങ്ങനെ ബിജെപിയുടെ പിന്തുണയോടെ 1989 ഡിസംബര്‍ രണ്ടിന് വി.പി. സിങ് പ്രധാനമന്ത്രിയായി.
ആ മുന്നണിയും സര്‍ക്കാരും പ്രമുഖരുടെ സാന്നിധ്യമുള്ളതായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ്, മധു ദന്തവാതെ, രാമകൃഷ്ണ ഹെഗ്‌ഡേ, ദേവിലാല്‍, ദിനേശ് ഗോസ്വാമി, നിതീഷ് കുമാര്‍, ശരത് യാദവ് തുടങ്ങിയവര്‍. എന്‍.ടി. രാമറാവുവിനെപ്പോലെ, ചന്ദ്രശേഖറിനെപ്പോലെയുള്ള പ്രമുഖര്‍ നയിക്കാന്‍. ന്യൂനപക്ഷമായ ഒരു പാര്‍ട്ടിയും മുന്നണിയും ഭൂരിപക്ഷമുണ്ടാക്കി രാജ്യം ഭരിച്ചു. തുടക്കം പ്രതീക്ഷ നല്കുന്നതായി. ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയുടെ മാതൃക പിന്‍പറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മന്ത്രിസഭയില്‍ ചേരാതെ സര്‍ക്കാരിനെ പിന്തുണച്ചു. മുന്നണിക്ക് പുറമേ ഭരണ സംവിധാന മുന്നണിയെന്ന സങ്കല്‍പ്പത്തില്‍ ഒരു സമിതിയും രൂപീകരിച്ചു.
സമിതി എല്ലാ ആഴ്ചയും ചേര്‍ന്ന് ഭരണ-രാഷ്‌ട്രീയ കാര്യങ്ങള്‍ വിലയിരുത്തി, ചര്‍ച്ച നടത്തി, മുന്നോട്ടുപോയി. സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്, സിപിഐയുടെ ഇന്ദ്രജിത് ഗുപ്ത, ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു, ബിജെപിയില്‍നിന്ന് വാജ്‌പേയി, അദ്വാനി എന്നിവര്‍. ദല്‍ഹിയിലുള്ള വേളകളില്‍ മാത്രമാണ് ജ്യോതിബസു യോഗങ്ങളില്‍ പങ്കെടുത്തത്. മിക്ക മീറ്റിങ്ങുകളും പ്രധാനമന്ത്രിക്ക് തിരക്കൊഴിഞ്ഞ അവസരങ്ങളില്‍ അത്താഴത്തോടെയായിരുന്നു. കാര്യങ്ങള്‍ ഏറെ ഗൗരവത്തിലും ചിട്ടയോടെയും നീങ്ങി. പക്ഷേ തുടക്കത്തില്‍ പറഞ്ഞ മൂന്നുപേരുടെ താത്പര്യങ്ങള്‍ എല്ലാം സങ്കീര്‍ണമാക്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: