Categories: India

മുനിയപ്പയുടെ മരുമകന് കോലാര്‍; കോണ്‍ഗ്രസില്‍ അടി മൂത്തു

Published by

ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തമ്മിലടി. കോലാര്‍ സീറ്റിലാണ് തര്‍ക്കം.

മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ കെ.എച്ച്. മുനിയപ്പയുടെ മരുമകനെ കോലാര്‍ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. സിദ്ധരാമയ്യ സര്‍ക്കാരിലെ ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നിയമ നിര്‍മാണ കൗണ്‍സിലിലെ രണ്ട് അംഗങ്ങളും എത്തിയിട്ടുണ്ട്.

മന്ത്രി എം.സി. സുധാകറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് രാജിഭീഷണി മുഴക്കിയത്. കെ.എച്ച്. മുനിയപ്പയുടെ മരുമകന്‍ ചിക്ക പെഡ്ഡണ്ണയെയാണ് കോണ്‍ഗ്രസ് കോലാര്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. എന്നാല്‍ അച്ഛനും മകളും എംഎല്‍എമാരാണെന്നും കുടുംബത്തിലെ മറ്റൊരാള്‍ക്കുകൂടി സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് അംഗികരിക്കാനാനാകില്ലെന്നും എം. സി. സുധാകറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എപ്പോഴും മറ്റുള്ളവര്‍ക്കും അവസരം ലഭിക്കണം. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കും. മുനിയപ്പയുടെ കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാവണമെന്നും മന്ത്രി എം.സി. സുധാകര്‍ ആവശ്യപ്പെട്ടു.
കെ.എച്ച്. മുനിയപ്പയ്‌ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്കുന്നതിനെതിരെയാണ് എംഎല്‍എമാരും എംഎല്‍സികളും പ്രതിഷേധവുമായി വന്നിട്ടുള്ളത്. മുനിയപ്പയുടെ മകള്‍ രൂപ്കല നിലവില്‍ കോലാറിലെ കെജിഎഫില്‍ നിന്നുള്ള എംഎല്‍എയാണ്, മുനിയപ്പ എംഎല്‍എയും മന്ത്രിയുമാണ്. രൂപ്കലയുടെ ഭര്‍ത്താവാണ് ചിക്ക പെഡ്ഡണ്ണ. ഒരു കുടുംബത്തിന് വേണ്ടി മുഴുവന്‍ സീറ്റുകളും തീറെഴുതി കൊടുക്കുന്നത് ശരിയല്ല എന്ന് നേതാക്കള്‍ വ്യക്തമാക്കി.

തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ഡി.കെ. ശിവകുമാര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്‍വലിക്കാതെ ഒരടി പിന്നോട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by