ന്യൂദല്‍ഹി: ദല്‍ഹി റോസ് ഹൗസ് കോടതിയില്‍ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നാടകവും കേസ് വാദവും. ഇ ഡി കസ്റ്റഡി കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്.
കസ്റ്റഡി നീട്ടണമെന്ന ഇ ഡിയുടെ ആവശ്യം പരിഗണിച്ച കോടതി നാലു ദിവസം നീട്ടി നല്‍കുകയും ചെയ്തു. സ്വന്തം കേസ് കേജ്രിവാള് സ്വന്തമായിട്ടാണ് വാദിച്ചത്. ഒരു തെളിവുമില്ലാതെയാണ് തന്നെ അറസ്റ്റു ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ തികച്ചും നാടകീയമായ വാദം. എന്നാല്‍ കേജ്രിവാള് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങളാണ് നല്‍കിയതെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു പറഞ്ഞു. ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച കാര്യങ്ങളും ചില പാസ്വേര്ഡുകളും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിയിലൂടെ ഉണ്ടാക്കിയ കള്ളപ്പണം ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതായും അഡീ. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ചില പ്രതികളെ നിര്‍ബന്ധിച്ച് മാപ്പുസാക്ഷികളാക്കിയതായും തനിക്കെതിരെ അവരെക്കൊണ്ട് മൊഴി പറയിച്ചതായും കേജ്രിവാള് കോടതിയില്‍ വാദിച്ചു. അവര്‍ക്ക് എത്രനാള്‍ വേണമെങ്കിലും എന്നെ കസ്റ്റഡിയില്‍ വയ്ക്കാം. പക്ഷെ ഇത് അഴിമതിയാണ്. കേജ്രിവാള് പറഞ്ഞു. ആവേശമുണ്ടാക്കി ജനങ്ങളെ തനിക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് കേജ്രിവാള് നടത്തുന്നതെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇ ഡിയുടെ കൈയില്‍ ഒരു രേഖയുമില്ല, തെളിവില്ലാതെയാണ് അറസ്റ്റ് എന്നൊക്കെയാണ് വിളിച്ചുപറയുന്നത്. ഇ ഡിയുടെ കൈവശം എത്ര രേഖകളുണ്ട്, എന്തൊക്കെയുണ്ട് എന്ന് എങ്ങനെയാണ് കേജ്രിവാള് അറിയുന്നത്. ഇത് വെറും ഭാവനാ വിലാസമാണ്. മദ്യനയം വഴി ലഭിച്ച കോഴ അവര്‍ ഗോവയില്‍ ഉപയോഗിച്ചു. ബിജെപിക്ക് ലഭിച്ചതെന്ന് അവര്‍ (ആം ആദ്മി പാര്‍ട്ടി) പറയുന്ന പണവും മദ്യനയ അഴിമതിയിലെ പണവുമായി ഒരു ബന്ധവുമില്ല. ഒന്നിനുപകരം മറ്റൊന്നല്ല. മുഖ്യമന്ത്രിയും നിയമത്തിന് അതീതനല്ല. അദ്ദേഹം ഒരു സാധാരണ മനുഷ്യന് തന്നെയാണ്. ഇതേ മനുഷ്യന് 100 കോടി ആവശ്യപ്പെട്ടതിന് ഞങ്ങളുടെ കൈവശം തെളിവുകളുണ്ട്. എഎസ്ജി വ്യക്തമാക്കി.
അതേസമയം മദ്യനയ അഴിമതിക്കേസിലെ പ്രതി ശരത് റെഡ്ഡിയില്‍ നിന്ന് ബിജെപി 55 കോടി വാങ്ങിയെന്നാണ് കേജ്രിവാള് കോടതിയില്‍ പറഞ്ഞത്. കോടതിയില്‍ വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് കഴിഞ്ഞദിവസം കേജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 55 കോടി ബിജെപി കോഴ വാങ്ങിയെന്ന ആരോപണം നേരത്തെ തന്നെ ഉയരുകയും കഴമ്പില്ലാത്തത് എന്നു കണ്ട് മാധ്യമങ്ങള്‍ അടക്കം ഉപേക്ഷിക്കുകയും ചെയ്തതാണ്. ബിജെപിക്ക് സംഭാവനയായി ലഭിച്ച ഈ 55 കോടിയും മദ്യനയ അഴിമതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: