തന്റെ ജീവിതം തിരശ്ശീലയിൽ കണ്ട് നജീബ്. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. തന്നെപ്പോലെ തന്നെയാരുന്നു പൃഥ്വിയെന്നും നജീബ് പറഞ്ഞു. ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ എന്താണോ അവിടെ അനുഭവിച്ചത് അത് അതേ തീവ്രതയോടെ പൃഥ്വിരാജ് സ്ക്രീനിൽ എത്തിച്ചെന്നും പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണമായിരുന്നുവെന്നും നജീബ് പറഞ്ഞു.
നജീബിന്റെ വാക്കുകൾ ; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണമായിരുന്നു. ഞാൻ അവിടെ അനുഭവിച്ചത് അതേ തീവ്രതയിൽ അദ്ദേഹം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഒന്നും പറയാൻ കഴിയുന്നില്ല. ഞാൻ അവിടെ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണണം. എന്റെ അതേ അനുഭവമാണ് സിനിമ കാണിച്ചിരിക്കുന്നത്. ഈ സിനിമ വിജയിക്കണം’ നജീബ് പറഞ്ഞു.
ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണ് നിറഞ്ഞും ഉള്ളുവിങ്ങിയുമാണ് ഓരോ പ്രേക്ഷകനും നജീബിനെ അറിയുന്നത്. ബെന്യാമിന്റെ ആടുജീവിതം വായിച്ചവർക്കും ഇതുവരെ വായിച്ചിട്ടില്ലാത്തവർക്കും സിനിമ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. പരിശ്രമങ്ങളൊന്നും വെറുതെയായിട്ടില്ലെന്നാണ് ചിത്രം ഇപ്പോൾ തെളിയിക്കുന്നത്. പൃഥ്വിരാജ് എന്ന നടൻ എന്നും അഭിമാനിക്കാവുന്ന ചിത്രം, മലയാള സിനിമയെ അടുത്ത ഓസ്ക്കറിന് അർഹമാക്കേണ്ട ചിത്രം എന്നിങ്ങനെ നിരവധി പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: