തിരുവല്ല: പാര്‍ട്ടി കുടുംബയോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെ ഉത്തരം മുട്ടിച്ച് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയുമായി സംവാദം എന്ന രീതിയിലാണ് കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായതോടെ സംവാദ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കുടുംബ യോഗ സംവാദങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത ആയതോടെയാണ് യോഗങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. കുടുംബശ്രീ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളാണ് രണ്ടാംഘട്ട പ്രചരണത്തില്‍ എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. എന്നാല്‍ ഉറച്ച പാര്ട്ടിക്കാര് അടക്കം സ്ഥാനാര്‍ത്ഥിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിച്ചത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം ഐസക്ക് ധനമന്ത്രി ആയിരുന്ന കാലത്താണ്. നീണ്ട ഇടവേളയ്ക്കു ശേഷം ട്രഷറി നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നതും സാമ്പത്തിക വിദഗ്ധനായി പാര്‍ട്ടി അവതരിപ്പിച്ച തോമസ് ഐസക്കിന്റെ കാലത്താണ്. കിഫ്ബിയിലെ സിഎജി ഓഡിറ്റിങ് അടക്കമുള്ള വിഷയങ്ങളില്‍ ഒത്തുകളിയുടെ ഭാഷയിലായിരുന്നു ഐസക്കിന്റെ മറുപടികള്‍. വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കുന്നതില്‍ ഭരണയന്ത്രം പരാജയമാണെന്നും സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കുടുംബ യോഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തുറന്നടിച്ചു.
കാര്‍ഷിക മേഖലയിലെ രൂക്ഷമായ വളര്‍ച്ചാ മുരടിപ്പില്‍ അതിരൂക്ഷ പ്രതികരണങ്ങളാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് ഐസക്കിന് നേരിടേണ്ടി വന്നത്. പ്രതികൂല കമ്പോള പരിതസ്ഥിതിയാണ് ഇതിന് കാരണമെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു ഐസക്കിന്റെ ശ്രമം. എന്നാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒന്നാം പ്രതിയാണ് തോമസ് ഐസക്കെന്നും കിഫ്ബി പോലെയുള്ള വികല പരിഷ്കാരങ്ങളാണ് ഇന്ന് ധനമന്ത്രി ബാലഗോപാലിനെ വിഷമവൃത്തില്‍ ആക്കിയതെന്നും യോഗങ്ങളില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരനായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ കാലം അടയാളപ്പെടുത്തുക എന്നും ചിലര്‍ തുറന്നടിച്ചു.
നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മയും ഐജിഎസ്ടി പിരിവിലെ പരാജയവും കുടുംബയോഗങ്ങളില്‍ പലരും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ വായ്പാ വിഹിതത്തില്‍ കുറവ് വരുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ന്യായീകരണം നല്കാന് ഐസക്കിന് കഴിയാതെ വന്നതോടെയാണ് പാര്‍ട്ടി ഇടപെട്ട് കുടുംബ സംവാദയോഗങ്ങള്‍ നിര്‍ത്തിവച്ചതെന്നാണ് പിന്നാമ്പുറ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: