ന്യൂദല്‍ഹി: എന്‍ഐഎ ഉള്‍പ്പെടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് പുതിയ തലവന്മാരെ നിയമിച്ച് കേന്ദ്രം. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) മേധാവി സദാനന്ദ് വസന്ത് ദത്തെയെ എന്‍ഐഎ പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ജനറലായ ദിനകര്‍ ഗുപ്തയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത് ദത്തെ. 2026 ഡിസംബര്‍ 31 വരെയാണ് നിയമനം. മുംബൈയില്‍ ആക്രമണം നടത്തിയ പാക്ഭീകരരെ പിടികൂടുന്നതില്‍ മുഖ്യപങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഈ പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
ബ്യുറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഡയറക്ടര്‍ ജനറലായി രാജീവ് കുമാര്‍ ശര്‍മയെ നിയമിച്ചു. 2026 ജൂണ്‍ 30 വരെയാണ് നിയമനം. നിലവിലെ ഡയറക്ടര്‍ ജനറല്‍ ബാലാജി ശ്രീവാസ്തവയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് നിയമനം.
ദേശീയ ദുരന്ത നിവാരണ സേനയുടെ പുതിയ മേധാവിയായി പിയുഷ് ആനന്ദിനെ നിയമിച്ചു. നിലവിലെ മേധാവി അതുല്‍ കര്‍വാളിന്റെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് നിയമനം. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി എസ്. സുരേഷിനെ നിയമിച്ചു. കേരള കേഡറിലെ 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്. സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: