തൃശൂര്‍: വിഷുവിപണി ലക്ഷ്യമാക്കി വിളവിറക്കിയ കാര്‍ഷിക വിളകള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങുന്നത് കര്‍ഷകരുടെ നെഞ്ചുലയ്ക്കുന്നു. വേനല്‍ തുടങ്ങുന്നതിന് മുമ്പു തന്നെ പാടശേഖരങ്ങള്‍ക്ക് സമീപമുള്ള കുളങ്ങളും തോടുകളും നീര്‍ച്ചാലുകളും വറ്റിയതോടെ പയര്‍, പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി കൃഷിയും ഏത്തവാഴ കൃഷിയും കരിഞ്ഞു തുടങ്ങി.
ചൂടേറ്റു വാഴകള്‍ നശിക്കുന്നത് പതിവായതോടെ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ ഒടിഞ്ഞു വീഴുകയാണ്.
മികച്ച രീതിയില്‍ നേട്ടം കൈവരിച്ചിരുന്ന കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, ചെറു സംഘങ്ങള്‍ എന്നിവര്‍ ജലക്ഷാമം രൂക്ഷമായതോടെ ഇപ്രാവാശ്യം കാര്യമായി കൃഷി ഇറക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
പഞ്ചായത്തിലും കൃഷിഭവനുകളിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്കിയാല് ഒന്നും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കൃഷി ഭവന് വഴി നല്കുന്ന പരാതിക്ക് ചിലപ്പോള്‍ ചെറിയൊരു നഷ്ട പരിഹാരം കിട്ടിയേക്കും. അതിനും കൃത്യത ഇല്ലെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: