കോട്ടയം: ഓണ്‍ലൈന്‍ വഴി വായ്പ നല്‍കാമെന്ന് പറഞ്ഞ് പാല സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികള്‍ പിടിയിലായി. കോഴിക്കോട് മാവൂര്‍ മാണിക്കപറമ്പത്ത് മുഹമ്മദ് അര്‍ഷാദ് (21) കൊണ്ടോട്ടിയില്‍ മുഹമ്മദ് ഷെരീഫ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കില്‍ ലോണ്‍ ലഭിക്കുമെന്ന് കണ്ട് അതില്‍ പറഞ്ഞ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രണ്ടര ലക്ഷം രൂപയുടെ വായ്പാ അപേക്ഷ നല്കിയ വീട്ടമ്മയാണ് വഞ്ചിക്കപ്പെട്ടത്. ലോണ്‍ അനുവദിച്ചുവെന്നും ഫോണില്‍ വരുന്ന ഒടിപി അയച്ചു തരണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഒടിപി അയച്ചാലുടന് പണം അക്കൗണ്ടില്‍ വരും എന്നാണ് അവര്‍ വീട്ടമ്മയെ ധരിപ്പിച്ചത്. ഇതനുസരിച്ച് ഒടിപി നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിപതിനായിരം രൂപ പിന്‍വലിക്കപ്പെട്ട മെസ്സേജ് ആണ് ലഭിച്ചത്.
ഒരു അത്യാവശ്യകാര്യത്തിന് മൂന്നര ലക്ഷം ആവശ്യമുണ്ടായിരുന്ന വിട്ടമ്മ കൈയിലുള്ള ഒരു ലക്ഷത്തിന് പുറമേ രണ്ടര ലക്ഷം കൂടി വായ്പ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വായ്പ കിട്ടിയില്ലെന്ന് മാത്രമല്ല കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം കൂടി നഷ്ടപ്പെടുകയും ചെയ്തു. പാല എസ്.എച്ച്.ഒ ജൂബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അംഗീകൃത ബാങ്കുകളുടെ ആപ്പുകളിലൂടെ അല്ലാതെ യാതൊരു കാരണവശാലും ഓണ്‍ലൈന്‍ വായ്പാ അപേക്ഷകള്‍ നല്‍കരുതെന്നും പരിചയമില്ലാത്ത സംഘങ്ങളുടെ ചതിയില്‍ പെടരുതെന്നും പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്കി. ഉത്തമ ബോധ്യമില്ലാതെ ആര്‍ക്കും ഒടിപി നമ്പര്‍ നല്‍കാനും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: