ഫ്‌ളോറിഡ: മയാമി ഓപ്പണ്‍ ടെന്നിസില്‍ ഭാരതത്തിന്റെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡെനും അടങ്ങുന്ന സഖ്യം സെമിയില്‍ പ്രവേശിച്ചു. ഇരുവരും ഇക്കൊല്ലം ഇത് മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് സെമിയില്‍ പ്രവേശിക്കുന്നത്. ഡച്ച് താരം സെം വെര്‍ബീക്ക്- ഓസ്‌ട്രേലിയയുടെ ജോണ്‍ പാട്രിക് സ്മിത്ത് എന്നിവരടങ്ങുന്ന സഖ്യത്തെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് സെമിയിലേക്കുള്ള കുതിപ്പ്.
ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിക്കൊണ്ടായിരുന്നു രോഹന്‍-എബ്‌ഡെന്‍ സഖ്യത്തിന്റെ തുടക്കം. അതോടെ പുരുഷ ഡബിള്‍സില്‍ ലോക ഒന്നാം നമ്പറിലേക്കും എത്തിയിരുന്നു.
മയാമി ഓപ്പണിലെ സിംഗിള്‍സ് പോരാട്ടങ്ങളില്‍ വനിതാ താരം എലേന റൈബാക്കിന സെമിയില്‍ കടന്നു. നാലാം സീഡ് താരമായ റൈബാക്കിന എട്ടാം സീഡ് താരം മറിയ സക്കാരിയെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 57, 76(74), 46. സെമിയില്‍ വിക്ടോറിയ അസരെങ്ക ആണ് റൈബാക്കിനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ യൂലിയ പുടിന്റ്‌സേവയെ തോല്‍പ്പിച്ചാണ് അസരെങ്ക സെമിയിലെത്തിയത്. സ്‌കോര്‍: 7-6(7-4), 1-6, 6-3.
പുരുഷ സിംഗിള്‍സില്‍ അലക്‌സാണ്ടര്‍ സ്വരേവ്, യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കാരസ്, ഗ്രിഗറി ദിമിത്രോവ്, ഫാബിയന്‍ മാറോസാന്‍ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ലോറെന്‍സോ മുസേറ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അല്‍കാരസിന്റെ മുന്നേറ്റം. കാരെന്‍ ഖചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് സ്വരേവിന്റെയും സെമി പ്രവേശം. കടുത്ത പോരാട്ടത്തിനൊടുവില്‍ ഹുബേര്‍ട്ട് ഹര്‍കാക്‌സിനെ കീഴടക്കിയാണ് ഗ്രിഗറി ദിമിത്രോവിന്റെ വരവ്. അലെക്‌സ് ഡീ മിനോറിന്റെ കുതിപ്പിന് തടയിട്ടാണ് മാരോസാന്‍ സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: