ധാക്ക: ബംഗ്ലാദേശ് പര്യടനത്തിനെത്തി ഓസ്ട്രേലിയ ഏകദിന പരമ്പര തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആതിഥേയരെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 89 റണ്‍സില്‍ ഓളൗട്ടാക്കിയാണ് ഓസീസ് ഒരിക്കല്‍ കൂടി കരുത്തു കാട്ടിയത്.
നേരത്തെ ആദ്യ ഏകദിനം 118 റണ്‍സിനും രണ്ടാം മത്സരം ആറ് വിക്കറ്റിനും സന്ദര്‍ശകര്‍ വിജയിച്ച് പരമ്പര ഉറപ്പിച്ചിരുന്നു. ആതിഥേയര്‍ക്ക് ആശ്വാസ ജയത്തിന് പോലും ഇട നല്‍കാതെയാണ് കംഗാരുപെണ്പട പയറ്റിയത്.
ബംഗ്ലാദേശിന്റെ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ കിം ഗാര്‍ത്ത് ആണ് കളിയിലെ താരം. ഏഴ് ഓവര്‍ എറിഞ്ഞ താരം 11 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകള്‍ നേടി. നാല് ഓവറുകള്‍ മെയ്ഡനാക്കി. ഓള് റൗണ്ടര്‍ എലിസെ പെറിയും(4-1-17-2), ആഷ്ലി ഗാര്‍ഡ്നര്‍(6.2-0-25-3) എന്നിവരും മികച്ചു നിന്നു. പരമ്പരയിലുടനീളം സ്ഥിരത പുലര്‍ത്തിയ ആഷ്ലി ഗാര്‍ഡ്നര്‍ പരമ്പരയിലെ താരമായി.
ഓസീസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്ക്കാന് പാടുപെട്ട ബംഗ്ലാദേശ് ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് തുടങ്ങി രണ്ടാം ഓവര്‍ മുതല്‍ അനുഭവിക്കാന്‍ തുടങ്ങി. 1.4-ാം ഓവറില്‍ പെറിയുടെ പന്തില്‍ സുമയ്യ അക്തര്‍ പുറത്തായതോടെ തുടങ്ങി. ബംഗ്ലാ നായിക നിഗര്‍ സുല്‍ത്താന നേടിയ 16 റണ്‍സ് ആണ് ആതിഥേയ നിരയിലെ ഉയര്‍ന്ന സ്കോര്‍. വാലറ്റക്കാരായ സുല്‍ത്താന ഖട്ടൂന്‍(10), മറുഫ അക്തര്‍(പുറത്താകാതെ 15) എന്നിവര്‍ ടോട്ടല്‍ സ്കോര്‍ മൂന്നക്കം കടത്താന്‍ വേണ്ട പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ 26.2 ഓവറില്‍ എല്ലാ വിക്കറ്റുകളും വീണു.
മറുപടി ബാറ്റിങ്ങില്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച എലിസെ പെറിയും(27) ബെത്ത് മൂണി(21)യും ചേര്‍ന്ന സഖ്യം ഓസീസിനെ വിജയത്തിലെത്തിച്ചു. ഓപ്പണിങ് ജോഡികളായ നയിക അലിസ ഹീലിയും(33) ഫോബെ ലിച്ച്ഫീല്‍ഡും(12) ആണ് പുറത്തായത്. 18.3 ഓവറില്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: