മുംബൈ സമ്മേളനത്തിനുശേഷം, തെരഞ്ഞെടുപ്പിനു മുമ്പ്, ചില ജനതാദള്‍ നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ചകള്‍ക്ക് തയാറായി. അവര്‍ ബിജെപി നേതാക്കളെ കാണുന്നതിന് മുമ്പ് ഭാവുറാവു ദേവറസ് എന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന ഭാരവാഹിയെ കണ്ടു. ഭാവുറാവു രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നെങ്കിലും രാഷ്ട്രീയ നേതൃത്വം അദ്ദേഹവുമായി കൂടിക്കാഴ്ചകള്‍ നടത്തി ചര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. ലോകപരിചയം, വ്യക്തികളുമായുള്ള സമ്പര്‍ക്കം, രാഷ്ട്രീയ നിരീക്ഷണം എന്നിങ്ങനെ ഏറെ വ്യത്യസ്തമായ വഴിയില്‍ സക്രിയനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പാര്‍ട്ടികളിലേയും പ്രധാന വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു അദ്ദേഹത്തിന്. നേതാക്കള്‍ പറഞ്ഞു; കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ബിജെപിയുടെയും ഞങ്ങളുടെയും അടിസ്ഥാന ലക്ഷ്യം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടി ഞങ്ങളുടേതാകും. പക്ഷേ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് ബിജെപിയുടെ സഹായം വേണം. ഇക്കാര്യത്തില്‍ അങ്ങയുടെ മാര്‍ഗനിര്‍ദേശത്തിനാണ് ഞങ്ങള്‍ വന്നത്.
വി.പി. സിങ്ങിന്റെ പിടിവാശി, പക്ഷേ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള അവസരം തന്നെ ഇല്ലാതാക്കിക്കളഞ്ഞിരുന്നു. വിപിക്ക് പ്രധാനമന്ത്രിയാകണം. അതിന് ആവതെല്ലാം സ്വരൂക്കൂട്ടണം. പക്ഷേ, ബിജെപിയില്ലാതെ അതൊന്നും സാധ്യമല്ലെന്നറിയുകയും ചെയ്യാം. എന്നാല്‍ ‘മതേതരത്വത്തിന്റെ പൊങ്ങച്ചം’ ചുമക്കുന്നതിനാല്‍ ബിജെപിയുമായുള്ള ചങ്ങാത്തത്തിന് മടിയും. ഉദാഹരണത്തിന് 125 സീറ്റുകളുണ്ട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, രണ്ട് അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി അന്ന്. ഇവിടെ ബിജെപിയുമായി സീറ്റ് ധാരണയോ സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണമോ നടത്തുന്ന കാര്യം വി.പി. സിങ്ങിന്റെ അജണ്ടയിലില്ല. എന്നല്ല അതിന് എതിരാണ്. കാരണം മുസ്ലിങ്ങള്‍ വോട്ടു ചെയ്യില്ല എന്നായിരുന്നു ഭയം. അതേസമയം, ബിജെപി ഏറെ ശക്തമായിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ഹിമാചല്‍ എന്നിവിടങ്ങളില്‍ അവരുമായി ബന്ധം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധവും! വിചിത്രമായിരുന്നു വിപിയുടെ വാദവും സ്വപ്നവും.
1988 ലെ കാര്യമാണിത്. അതേ ബിജെപിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതേ ബിജെപിയാണ് ഉത്തര്‍പ്രദേശും ബിഹാറും ഭരിക്കുന്നത്, മുസ്ലിം വോട്ടര്‍മാരാണ് അവര്‍ക്ക് ജനസംഖ്യാ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത്. മതേതരത്വത്തിന് ബിജെപി പുതിയ നിര്‍വചനമൊന്നും ഉണ്ടാക്കിയില്ല. ‘കപട മതേതരത്വ’ മാണ് എതിരാളികളുടേതെന്ന് ചൂണ്ടിക്കാണിച്ചു. അതിന്റെ ഫലമാണ് ബിജെപിയുടെ വളര്‍ച്ച. വി.പി. സിങ് ചരിത്രത്താളുകളില്‍ ഒതുങ്ങിപ്പോയി. ജനതാദള്‍ പല കഷണങ്ങളായി. അവരില്‍ ഒരു കഷണം ഇപ്പോള്‍ ബിജെപിയുടെ കൂടെയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതത് കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് സമവാക്യം മാറ്റി പരിഹാരമുണ്ടാക്കുന്ന പ്രക്രിയയാണെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിസ്ഥാന നിലപാട് എന്നത് എക്കാലത്തും അതത് പാര്‍ട്ടികളുടെ വിശ്വാസ്യതയാണ്. ബിജെപിക്ക് അതുണ്ട്, ജനസംഘകാലത്തുണ്ടായിരുന്നതിന്റെ തുടര്‍ച്ചയാണത്. ഓരോ പാര്‍ട്ടികളുടെയും ഈ ‘സ്വത്വ’ത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. തല്ക്കാല രാഷ്ട്രീയ ലാഭത്തിനുള്ള ‘അടവുനയ’ങ്ങള് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാകാം. പക്ഷേ, അടിസ്ഥാന നയം അടവുനയമാക്കിയാല്‍ അധികകാലം നില്‍ക്കാനാവില്ല എന്നതിന് ഉദാഹരണമാണ് ജനതാദളും അവര്‍ നയിച്ച യുഎഫ് എന്ന മുന്നണിയും.
ബിജെപിക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ മാത്രം സീറ്റു ധാരണയും സംയുക്ത പ്രചാരണവുമെന്ന ആശയം ബിജെപി തള്ളി. അത് രണ്ടു പാര്‍ട്ടികള്‍ക്കും ഗുണമായി എന്നു വേണം മനസിലാക്കാന്‍. 1989ലെ തെരഞ്ഞെടുപ്പില്‍ രാജീവ് അധികാരത്തില്‍നിന്ന് പുറത്തായി. ഇന്ദിരാവധത്തിന്റെ സഹതാപത്തില്‍ 1984ല്‍ 401 സീറ്റ് നേടി അധികാരത്തില്‍ വന്ന രാജീവ് അഞ്ചുവര്‍ഷത്തിനകം കോണ്‍ഗ്രസിന്റെ സീറ്റെണ്ണം 193 ലേക്ക് താഴ്ത്തി!
ഭാരതത്തിലെ വോട്ടര്‍മാരുടെ രാഷ്ട്രതാല്പര്യം തെളിയിക്കുന്ന വിധിയായി ഇത്. കോണ്‍ഗ്രസ് 193 സീറ്റു കിട്ടി. ജനതാദള്‍ രണ്ടാമത്തെ വലിയ കക്ഷിയായി-141 സീറ്റ്. ബിജെപി രണ്ടില്‍നിന്ന് 86 സീറ്റിലേക്ക് വളര്‍ന്നു. ആര്. വെങ്കിട്ട രാമന് ആയിരുന്നു രാഷ്ട്രപതി. കോണ്‍ഗ്രസിനെതിരെയാണ് ജനവിധിയെന്നു തിരിച്ചറിഞ്ഞു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ‘തൂക്ക് പാര്‍ലമെന്റ്’ (ഹാങ് പാര്‍ലമെന്റ്) വന്നപ്പോഴും സംശയലേശമില്ലാതെ ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. അങ്ങനെ വി.പി. സിങ്ങിന്റെ ജനതാദളിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം വന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: