കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിവാദ നായിക മഹുവ മൊയ്ത്രയ്ക്ക് ഇത്തവണ കാര്യങ്ങളത്ര എളുപ്പമല്ല. മഹുവയ്ക്കെതിരെ ബംഗാളിലെ കൃഷ്ണ നഗറില്‍ ബിജെപി ഇറക്കിയിരിക്കുന്നത് രാജമാത അമൃതറോയിയെയാണ്. രാജമാത പ്രചരണരംഗത്ത് സജീവമായതോടെ മഹുവയ്ക്ക് അടിപതറുകയാണെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വ്യക്തമായ കണക്കുക്കൂട്ടലുകളോടെ തന്നെയാണ് രാജമാതയെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
ചോദ്യ കോഴക്കേസില്‍ ലോക്സഭാംഗത്വം നഷ്ടമാവുകയും പ്രതിച്ഛായ മങ്ങുകയും ചെയ്ത മഹുവയ്ക്ക് മനസില്ലാമനസോടെയാണ് മമതാ ബാനര്‍ജി ഇത്തവണ സീറ്റ് നല്‍കിയത്. സീറ്റ് നല്‍കിയില്ലെങ്കില്‍ കോഴക്കേസ് പാര്‍ട്ടി അംഗീകരിക്കുന്നതായി വരുമോയെന്ന ഭയം മമതയ്ക്കുണ്ടായിരുന്നു. വ്യവസായി ഹിരാനന്ദാനിയില്‍ നിന്നും പണവും സമ്മാനങ്ങളും വാങ്ങിയാണ് ഇവര്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നതെന്ന് തെളിവ് സഹിതം പിടിക്കപ്പെട്ടിരുന്നു. ഈ വിവാദത്തില്‍ നിന്നും മഹുവയ്ക്ക് കരകയറാന്‍ സാധിച്ചിട്ടുമില്ല.
കൃഷ്ണനഗര്‍ ജനതയുമായി വലിയ ആത്മബന്ധമുള്ള നാദിയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് അമൃത റോയ്. കലാ- സാംസ്കാരിക രംഗത്ത് വലിയ പാരമ്പര്യമുള്ള നഗരമാണ് കൃഷ്ണനഗര്‍. ഭാരത ചരിത്രത്തിന്റെ ഭാഗമാണ് മഹാരാജാ കൃഷ്ണ ചന്ദ്ര റോയ്. 18-ാം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ വലിയ പുരോഗതിയുണ്ടായി. 55 വര്‍ഷം നീണ്ട ഭരണകാലത്ത് കലാ സാംസ്കാരിക ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികള്‍ രാജവാഴ്ച അവസാനിച്ചതിന് ശേഷം വന്ന ഭരണാധികാരികള്‍ക്കും മാതൃകയായിരുന്നു.
അമൃത റോയിയുടെ സ്ഥാനാര്‍ത്ഥിത്വം മഹുവയ്ക്കെതിരെ ബിജെപിയെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. സമൂഹത്തിന് വേണ്ടി കൃഷ്ണനഗര്‍ രാജകുടുംബം നല്കിയ സംഭാവനകള്‍ എല്ലാവര്ക്കും അറിയാമെന്നും രാജകുടുംബത്തിലെ മരുമകളായിട്ടല്ല, സാധാരണക്കാരുടെ ശബ്ദമായിട്ടാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്നും അമൃത റോയ് വ്യക്തമാക്കി. രാജ്മാതാ അമൃത റോയിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. ദരിദ്രരില്‍ നിന്ന് കൊള്ളയടിക്കുന്ന പണം ഇ ഡി കണ്ടുകെട്ടി സാധാരണക്കാരിലേക്ക് തന്നെ തിരികെയെത്തുന്നത് ഉറപ്പാക്കാന്‍ നിയമപരമായ വഴികള്‍ നോക്കുകയാണെന്നാണ് അമൃത റോയിയുടെ വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: