ന്യൂദല്‍ഹി: വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ വാഷിങ് മെഷീനുള്ളില്‍ നിന്ന് കണക്കില്‍ പെടാത്ത 2.54 കോടി രൂപ കണ്ടെടുത്തു. ദല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, കുരുക്ഷേത്ര എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലായിരുന്നു റെയ്ഡ്. ന്യൂദല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് വാഷിങ് മെഷീനില്‍ നിന്ന് പണം കണ്ടെത്തിയത്.
ഏത് കമ്പനിയില്‍ നിന്നാണ് പണം പിടികൂടിയതെന്ന് വ്യക്തമല്ല. കാപ്രികോര്‍ണിയന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ലക്ഷ്മിടണ്‍ മാരിടൈം, ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍, രാജധാനി മെറ്റല്‍സ് ലിമിറ്റഡ്, സ്റ്റവര്‍ട്ട് അലോയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗര്‍ ലിമിറ്റഡ്, വിനായക് സ്റ്റീല്‍സ് ലിമിറ്റഡ്, വസിഷ്ഠ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലായിരുന്നു റെയ്ഡ്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരും പങ്കാളികളുമായ വിജയ് കുമാര്‍ ശുക്ല, സഞ്ജയ് ഗോസ്വാമി, സന്ദീപ് ഗാര്‍ഗ്, വിനോദ് കേദിയ എന്നിവര്‍ നിരീക്ഷണത്തിലാണ്. കമ്പനികളുടെ 47 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
വിശ്വസിനീയമായ കേന്ദ്രത്തില്‍ നിന്നുള്ള നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ഇ ഡി അറിയിച്ചു. സിംഗപ്പൂരിലെ ഗ്യാലക്സി ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹൊറൈസണ്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനികളിലേക്ക് 1800 കോടി രൂപ അയച്ചു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ചരക്കുസേവനങ്ങളുടെയും ഇറക്കുമതിയുടെയും മറവിലാണ് സിങ്കപ്പൂരിലേക്ക് തുക കൈമാറിയിരിക്കുന്നത്. ഷെല്‍ കമ്പനികളുടെ സഹായത്തോടെയാണ് പണമിടപാടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: