പേട്ട: റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഭഗത് സിംഗ് റോഡ് കാക്കോട് ലെയ്നില്‍ അറപ്പുര വീട്ടില്‍ റ്റി മഹേഷ് കുമാര്‍ (55) ആണ് മരിച്ചത്. പരിക്കേറ്റ ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ അഫീഫി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹേഷ് ജോലി ചെയ്തിരുന്ന സൗദ്യയിലെ ഉനൈസില്‍ നിന്ന് അഫീഫിയിലേയ്ക്ക് പോകവേയാണ് അപകടം കാറിന്റെ പുറക് വശത്തെ ടയര്‍ പൊട്ടി വാഹനം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മഹേഷ് മരിച്ചു.കഴിഞ്ഞ മുപ്പത് വര്‍ഷമായി മഹേഷ് ഉനൈസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു. അവസാനം വന്നു പോയിട്ട് ഒന്‍പത് വര്‍ഷമായിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നാല് സഹോദരിമാര്‍ ഉള്‍പ്പെടെ എട്ട് സഹോദരങ്ങടങ്ങുന്നതാണ് മഹേഷിന്റെ കുടുംബം. സഹോദരിമാരുടെ വിവാഹ ബാധ്യതയില്‍ മഹേഷിന്റെ വിവാഹം മുടങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ താത്പര്യപ്പെട്ടെങ്കിലും നാട്ടിലെത്താനുള്ള തടസ്സവും പ്രതികൂലമായി. ലോറി അപകടത്തില്‍ മഹേഷിന്റെ അഛന് തമ്പിയുടെ കാല് നഷ്ടപ്പെട്ട് കിടപ്പിലായതോടെയാണ് മഹേഷ് വിദേശത്തേയ്ക്ക് പോയത്.
അതേസമയം മഹേഷിന്റെ വേര്‍പ്പാട് തൊണ്ണൂറ് വയസ്സായ അമ്മ സരസമ്മയേയും ജന്മനാ പോളിയോ ബാധിച്ച് ശാരീരിക വൈകല്യതയുള്ള ജ്യേഷ്ഠന് രാധാകൃഷ്ണനേയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക അത്താണിയായിരുന്നു മഹേഷ്. ഇവരുടെ അവസാന കാലഘട്ടംവരേയും പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മഹേഷ്. വിദേശ ജോലിയില്‍ ആകെയുള്ള സമ്പാദ്യം കാക്കോട് ലെയ്നില്‍ ഒരു സെന്റ് ഭൂമിയില്‍ നിര്‍മ്മിച്ച വീട് മാത്രമാണ്.
അമ്മയും സഹോദരനും ഇവിടെയാണ് കഴിയുന്നത്. മഹേഷിന്റെ മൃതദേഹം അഫീഫി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇവിടെ നിന്ന് ഉനൈസിലെ ആശുപത്രിലെത്തിച്ച ശേഷമേ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: