ന്യൂദൽഹി: സർക്കാരിനെ ജയിലിൽ നിന്ന് പ്രവർത്തിപ്പിക്കില്ലെന്ന് ദൽഹി ലഫ്റ്റനൻ്റ് ഗവർണർ വി. കെ. സക്‌സേന ബുധനാഴ്ച പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ ജയിലിൽ കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്ന് എഎപി നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സുപ്രധാന പ്രസ്താവന വന്നിരിക്കുന്നത്.
ടൈംസ് നൗ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് സക്‌സേന ഇക്കാര്യം പറഞ്ഞത്. “ദൽഹിയിലെ ജനങ്ങൾക്ക് സർക്കാർ ജയിലിൽ നിന്ന് നയിക്കില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.” – അദ്ദേഹം വ്യക്തമാക്കി.
ദൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാളിനെ മാർച്ച് 21 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി മാർച്ച് 28 വരെ ഏജൻസിയുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
അതേ സമയം എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ദൽഹി ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു.
ഹർജി ചൊവ്വാഴ്ച മാത്രമാണ് തങ്ങൾക്ക് നൽകിയതെന്നും ഇഡിയുടെ നിലപാട് രേഖപ്പെടുത്താൻ മൂന്നാഴ്ചത്തെ സമയം നൽകണമെന്നും ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു.
കൂടാതെ ഇടക്കാല ആശ്വാസത്തിനും, പ്രതികരിക്കാൻ ഉചിതമായ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: