വയനാട് പൂക്കോട് വെറ്ററിനറി കോളജ് കാമ്പസിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ്എഫ്ഐക്കാര്‍ അരുംകൊല ചെയ്ത കേസ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുകയാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നു. കിരാതമായ ഈ സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട മുപ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് വൈസ് ചാന്‍സലര്‍ പിന്‍വലിച്ചതും, കേസ് സിബിഐയ്ക്കു വിട്ട സര്‍ക്കാരിന്റെ നടപടി എങ്ങുമെത്താതിരിക്കുന്നതുമാണ് ഇതിനിടയാക്കിയിട്ടുള്ളത്. ഒരുതരത്തിലുള്ള നിയമോപദേശവും തേടാതെയാണ് വിസി ആരോപണവിധേയരായ എസ്എഫ്ഐക്കാരെ തിരിച്ചെടുത്തത്. എസ്എഫ്ഐയുടെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദഫലമായാണ് ഇത് ചെയ്തതെന്നാണ് വിവരം. സസ്പെന്ഷന് പിന്‍വലിക്കണമെന്ന് കോളജ് ജീവനക്കാരുടെ സംഘടനയുടെയും സമ്മര്‍ദ്ദമുണ്ടായത്രേ. സര്‍വകലാശാലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവും കേസില്‍ പ്രതിയായതാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു. പ്രതികള്‍ക്ക് സര്‍വകലാശാല നല്കിയ ഈ ശിക്ഷാ ഇളവ് കോടതിയിലും ഇവര്‍ക്ക് അനുകൂലമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സിദ്ധാര്‍ത്ഥന്റെ പൈശാചികമായ കൊലപാതകത്തിനിടയാക്കിയ സംഭവവികാസങ്ങളില്‍ കൃത്യവിലോപം കണ്ടെത്തി നിലവിലുണ്ടായിരുന്ന വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സസ്പെന്‍ഡു ചെയ്തിരുന്നു. പകരക്കാരനായി വന്നയാളാണ് കൊലയാളികളെന്ന് കരുതപ്പെടുന്നവര്‍ക്ക് അനുകൂലമായി നടപടിയെടുത്തത്. ഗവര്‍ണര്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് ഈ വിസിയും രാജിവച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടതു ഫാസിസം പിടിമുറുക്കിയിരിക്കുന്നതിന് തെളിവാണിത്.
സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ വ്യാപകമായ ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് എസ്എഫ്ഐ അക്രമികള്‍ പൂക്കോട് കാമ്പസ് ഭരിക്കുന്നതെന്ന വിവരം സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തെത്തുടര്‍ന്ന് പുറത്തുവരികയുണ്ടായി. എസ്എഫ്ഐക്കാര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടന്‍ വയനാട് ജില്ലയിലെ ഉന്നതനായ സിപിഎം നേതാവ് പോലീസിലും കോടതിയിലുമെത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. എസ്എഫ്ഐ അക്രമികള്‍ക്ക് കോളജിലും ഹോസ്റ്റലിലും തെളിവുകള്‍ നശിപ്പിക്കാനും പാര്‍ട്ടിയുടെ ഒത്താശ ലഭിച്ചുവെന്ന് വിമര്‍ശനം ഉയര്‍ന്നു. കേസ് ഏറ്റെടുത്ത പോലീസ് ദുര്‍ബലമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍നിന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണിത്. നടത്തിയത് കൊലപാതകമായതിനാല്‍ തെളിവു നശിപ്പിക്കുന്നതിനും എസ്എഫ്ഐക്കാര്‍ക്ക് പോലീസിന്റെ ഒത്താശ ലഭിച്ചുവെന്ന് ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ എസ്എഫ്ഐ മാത്രമല്ല, സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളുടെ പ്രതിഷേധം തിരിച്ചടിയാവുമെന്ന് കരുതിയാണ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടത്. സിദ്ധാര്‍ത്ഥന്റെ അച്ഛനെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കലെത്തിച്ചാണ് സിബിഐ അന്വഷണത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഇതിന് വലിയ പ്രചാരം നല്‍കുകയും ചെയ്തു. എന്നാല്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് ഇരകളെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
സിദ്ധാര്‍ത്ഥനെ അരുംകൊല ചെയ്തവര്‍ക്കൊപ്പം നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയും സംഭവത്തെ ന്യായീകരിക്കുകയും ചെയ്തവര്‍ കേസ് പൊടുന്നനെ സിബിഐയ്ക്ക് വിട്ടതില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള ഗൂഢനീക്കമാണിതെന്ന വിമര്‍ശനവുമുയര്‍ന്നു. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സിബിഐ ഇതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ മാസം ഒന്‍പതിനാണ് കേസ് സിബിഐയ്ക്ക് വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ അറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറിനകം ചെയ്യാവുന്ന കാര്യമാണിതെന്ന് അറിയുമ്പോഴാണ് സര്‍ക്കാരിന്റെ കള്ളത്തരം തെളിയുന്നത്. കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം അയച്ചിട്ടുണ്ടെന്നും, ഇനി നടപടികളെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും പറഞ്ഞൊഴിയുകയാണ് സര്‍ക്കാര്‍. മകനെ കൊലചെയ്തവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ആശങ്കപ്പെട്ട് സിദ്ധാര്‍ത്ഥന്റെ അച്ഛന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് ഇതുവരെ സിബിഐയില്‍ എത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും പറഞ്ഞിരിക്കുന്നു. തെളിവുകള്‍ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ ആണിതെന്ന കേന്ദ്രമന്ത്രിയുടെ സംശയം തള്ളിക്കളയാനാവില്ല. സര്‍ക്കാരിന്റെ വഞ്ചനയെ തുറന്നുകാണിക്കുന്നതിനൊപ്പം കേസ് അടിയന്തരമായി സിബിഐ അന്വേഷിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: