കോഴിക്കോട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ പരാജയം വയനാട്ടിലും ആവര്‍ത്തിക്കുമെന്ന് എന്‍ഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്. ഇന്‍ഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരരുതെന്ന് ആനിരാജ ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. ഇവരില്‍ ആരുജയിച്ചാലും അവര്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടവരാണ്. മോദിയുടെ പടയാളിയായിട്ടാണ് വയനാട്ടില്‍ പോകുന്നത്. ജയം മാത്രമാണ് ലക്ഷ്യം അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്ക് സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും. കോണ്‍ഗ്രസിന് 2029ലും അതെ അനുഭവം ഉണ്ടാകും. രാഹുല്‍ ഗാന്ധിയില്‍ വലിയ വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ അദ്ദേഹം നിരാശപ്പെടുത്തി. ജനങ്ങള്‍ക്കുവേണ്ടത് അവരുടെ ആവലാതികള്‍ പറയാനും ഫോണ്‍ വിളിച്ചാല്‍ ഓടിയെത്താനും കഴിയുന്നവരെയാണ്.
വയനാട്ടിലെ ജനങ്ങളെ സേവിക്കാന്‍ രാഹുല്‍ ഗാന്ധിയെയും ആനി രാജയെയും കിട്ടില്ല. തനിക്ക് അതിന് സാധിക്കും. വയനാട് പുതിയ മണ്ണല്ല, 10 വര്‍ഷം ജീവിച്ച മണ്ണാണ്.
വിദേശശക്തികളെ തുരത്തിയോടിച്ച വയനാട്ടുകാര്‍ക്ക് വിദേശശക്തികളുമായി യോജിച്ച് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കാന്‍ കഴിവുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ടും ചെയ്യും. നൂറുശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ ഇത്തവണ എന്‍ഡിഎ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു വലതുമുന്നണികള്‍ ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാനള്ള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് വടക്കന്‍ ജില്ലകളില്‍ സിഎഎ റാലിയില്‍ പ്രസംഗിക്കുകയാണ്. ചരിത്ര വസ്തുതകളെ മനസ്സിലാക്കാതെയാണ് ജയ്ഹിന്ദും, വന്ദേമാതരവും മുഖ്യമന്ത്രി പരാമര്‍ശിക്കുന്നതെന്നും ഭാരതത്തിനു പുറത്ത് വന്ദേമാതരം വിളിച്ച, ഫാസിസത്തിനെതിരെയും നാസിസത്തിനെതിരെയും പോരാടിയ വിപ്ലവകാരിയായ ചെമ്പകരാമന്‍ പിള്ളയെ പിണറായി വിജയന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ പൗരത്വം നല്കാനുള്ളതാണ്. വിഭജനകാലത്ത് മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളായവര്‍ക്ക് ഭാരതത്തില്‍ പൗരത്വം നല്കാനുള്ളതാണ് സിഎഎ. ഇതിനെതിരെയുള്ള പ്രതിഷേധം തീവ്രവാദികള്‍ക്ക് സഹായകരമായ നിലപാടാണ്.
വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്കു വിട്ടെന്നു പറയുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: