ന്യൂദല്‍ഹി: കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഭാരതീയരാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി പ്രതികരിച്ചു.
ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് അതിലും ഹിന്ദു-മുസ്ലിം ഭിന്നത സൃഷ്ടിക്കാനാണ് പിണറായി വിജയന് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഎഎയെകുറിച്ച് സംസാരിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിചിത്രമായ പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ പ്രസ്താവന പോലെ തന്നെ, അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ ആദ്യം ഉയര്‍ത്തിയത് രണ്ട് മുസ്ലീങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഭാരതീയാരാണെന്നത് കേരള മുഖ്യമന്ത്രി കണ്ടില്ല.
പകരം ഹിന്ദു-മുസ്ലിം ഭിന്നതയാണ് അദ്ദേഹം ഇതിലും കണ്ടതെന്നും ത്രിവേദി ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇന്‍ഡി സഖ്യത്തിലെ നേതാക്കളുടെ നിരാശയും ആശയകുഴപ്പവും കൂടുതല്‍ പ്രകടമാവുകയാണ്. തങ്ങളുടെ തോല്‍വി മുന്‍കൂട്ടി കാണുന്നതാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: