കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫണ്ട് ഉപയോഗത്തിലെ പൊരുത്തക്കേടുകള്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അറിഞ്ഞിരുന്നെന്നാണ് സംശയമെന്ന് ഇ ഡി ഹൈക്കോടതിയില്‍. അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡിക്കു വേണ്ടി അഡ്വ. ജയശങ്കര്‍ വി.നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറു സത്യവാങ്മൂലത്തില്‍ പറയുന്നു.
തന്റെ കൈകള്‍ ശുദ്ധമാണെന്നു തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കിയിട്ടുമില്ല. കോടതി നടപടികളില്‍ നിന്നു മാറി നില്ക്കുകയാണെന്നു തന്നെയല്ല, കോടതിയെയും അധികൃതരെയും (ഇഡി) അദ്ദേഹം മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയുമാണ്. അദ്ദേഹം നിയമമനുസരിക്കുന്ന പൗരനാണെന്നു തോന്നിപ്പിക്കുന്നേയില്ല. ഈ സാഹചര്യത്തില്‍ സമന്‍സ് നടപ്പാക്കാന്‍ ഇ ഡിക്ക് നിയമമനുശാസിക്കുന്ന നടപടികളെടുക്കേണ്ടി വരും. സമന്‍സ് ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ ഹര്‍ജി തള്ളണം. അന്വേഷണത്തോടു സഹകരിക്കാനും ഇ ഡിക്കു മുന്നില്‍ ഹാജരാകാനും അദ്ദേഹത്തോടു നിര്‍ദേശിക്കണം, ഇ ഡി കോടതിയോട് അഭ്യര്‍ഥിച്ചു. പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റു പലരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ഐസക്കിന്റെ മൊഴിയെടുത്താലേ അന്വേഷണം നീങ്ങൂ. ഇ ഡിയുടെ നടപടികളോ ചോദ്യം ചെയ്യലോ കോടതി സ്റ്റേ ചെയ്തിട്ടുമില്ല, ഇ ഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: