ആറ്റിങ്ങല്‍: പദയാത്രകള്‍, വികസന ചര്‍ച്ചകള്‍, ക്ഷേത്രദര്‍ശനം, രാജ്യം കാത്തുസൂക്ഷിക്കുന്ന സൈനികരുമായി സംവാദം… തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പര്യടനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനസഞ്ചയം. ക്ഷേത്രങ്ങള്‍, വീരജവാന്മാരെ അനുസ്മരിക്കല്‍, വിരമിച്ച സൈനികരുമായി സംവാദം, അഭിഭാഷകരുമായി ആശയവിനിമയം, കോളനികളിലും വ്യാപാര ശാലകളിലും ബസ്റ്റാന്റിലുമുള്ള സന്ദര്‍ശനങ്ങള്‍. എല്ലായിടത്തും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം.
ആറ്റിങ്ങലെ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് വിമുക്തഭടന്മാരുമായി സംവദിച്ചായിരന്നു ഇന്നലത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ആറ്റിങ്ങല്‍ ബ്രാഞ്ച് പ്രസിഡണ്ട് സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാരുടെ വലിയ സംഘം വി മുരളീധരനെ സ്വീകരിച്ചു. മഹിളാ വിങ്ങ് പ്രസിഡണ്ട് ഹേമലത, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സി.ആര്‍. ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഉഷാകുമാരി, ബ്രാഞ്ച് ട്രഷറര്‍ വിജയകുമാര്‍, താലൂക്ക് ജോയിന്‍ സെക്രട്ടറി മുരളീധരന്‍, താലൂക്ക് പ്രസിഡണ്ട് സൗന്ദര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് വിമുക്തഭടന്മാര്‍ മന്ത്രിക്ക് നിവേദനവും നല്‍കി.
മുപ്പതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കൊട്ടിയോട് കോളനിയില്‍ മുരളീധരന് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. തങ്ങളെ കാണാന്‍ എത്തിയ കേന്ദ്രമന്ത്രി കൂടിയായ മുരളീധരനെ 71 കാരിയായ നിരഞ്ജന നിവാസില്‍ തങ്കമ്മ(71) സന്തോഷാശ്രുക്കള്‍ പൊഴിച്ചാണ് ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. കോളനിയുടെ കണ്ണിലുണ്ണിയായ ബുദ്ധിമാന്ദ്യമുള്ള ദേവു എന്ന മകളെ വി. മുരളീധരന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ കൂടിനിന്ന പലരുടെയും കണ്ണ് നിറയുന്നത് കാണാമായിരുന്നു. മുരളീധരനെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. വോട്ട് മുരളീധരനെന്ന് കോളനിവാസികള്‍ ഉറപ്പുനല്‍കി.
ആറ്റിങ്ങലെ വസ്ത്ര വ്യാപാരശാലയായ സ്വയംവരയില്‍ എത്തിയപ്പോഴാണ് ഹെയര്‍ബിന്‍ തെരയുകയായിരുന്ന ആറുവയസുകാരി മെഹറീന്‍ സൈനിനെ കാണുന്നത്. സ്ഥാനാര്‍ത്ഥി നീട്ടിയ ഹെയര്‍ബിന്‍ ഓമനത്തത്തോടെ അവള്‍ കൈയിലൊതുക്കി. ഹെയര്‍ബിന് വാങ്ങിയതിനുള്ള പണംനല്‍കി ബില്ലടിച്ചുവാങ്ങുകയും ചെയ്തു. എന്തൊരു ലാളിത്യം എന്ന് ജീവനക്കാരെല്ലാം പരസ്പരം പറയുന്നുണ്ടായിരുന്നു. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകരെയും ജീവനക്കാരെയും പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാരെയും പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു. എല്ലായിടത്തും ലഭിച്ചത് ഹൃദ്യമായ സ്വീകരണം.
സായി ഗ്രാമത്തിലെത്തി സായിബാബയുടെ പ്രതിഷ്ഠയ്‌ക്കു മുന്നില്‍ തൊഴുതുപ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സത്യസായി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. വികസന ചര്‍ച്ചയിലും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ സെല്‍ഫിക്കുവേണ്ടി തിരക്കുകൂട്ടി. എല്ലാരും സെല്‍ഫിയെടുത്തു. എല്ലാര്‍ക്കുവേണ്ടി ഒടുവില്‍ വി.മുരളീധരനും സെല്‍ഫിയെടുത്തു. ഏവരുടെയും വോട്ടുറപ്പാക്കി അടുത്ത സ്ഥലത്തേക്ക്….
വൈകുന്നേരം നടന്ന പദയാത്രകള്‍ ആവേശം വിതറുന്നതും വിജയം ഉറപ്പാക്കുന്നതുമായിരുന്നു. ഒറ്റൂര്‍ പഞ്ചായത്തിലെ വടശ്ശേരിക്കോണത്തുനിന്നും ആരംഭിച്ച പദയാത്ര ഞെക്കാടും നാവായിക്കുളം പഞ്ചായത്തില്‍ മാവിന്‍മൂട് നിന്നാരംഭിച്ച പദയാത്ര കല്ലമ്പലത്തും സമാപിച്ചു.
കരവാരം പഞ്ചായത്തില്‍ വഞ്ചിയൂര്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. കടവിള ജങ്ഷനില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ വിട്ടുവന്നവരെ മുരളീധരന്‍ സ്വീകരിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷാജി, സുജ, പ്രജി, ഷൈമ എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, രേഖ എന്നിവരും ആവേശത്തോടെയാണ് ബിജെപിയിലേക്കെത്തിയത്. രാത്രി വൈകിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ നാട്ടുകാര്‍ കാത്തുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: