Categories: Thiruvananthapuram

‘ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടുവരും : രാജീവ് ചന്ദ്രശേഖർ

Published by

.

തിരുവനന്തപുരം:  ‘തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് ഓരോ യുവാക്കളും അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടു വരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ (എക്സ് പ്ലാറ്റ്ഫോം ) കുറിച്ചു.

തലസ്ഥാന ജില്ലയിൽ വിദ്യാഭ്യാസത്തിന്റെ ഭാവിയെന്ത് എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അക്കാദമിക് രംഗത്തുള്ളവർ തുടങ്ങി പലരുമായും രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയിരുന്നു. അവർ മുന്നോട്ടു വച്ച ആശയങ്ങൾ നടപ്പാവേണ്ടതുണ്ട്.

തിരുവനന്തപുരത്തെ ഒരു വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ ഹബ്ബ് ആക്കുന്ന കാര്യം മനസ്സിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റർ സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഇതിനായി വ്യവസായവും വിദ്യാലയങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്തെ മുപ്പത് സ്‌കൂളുകളെങ്കിലും മാതൃകാ വിദ്യാലയങ്ങളായും തുടർന്ന് എല്ലാ സ്‌കൂളുകളേയും അങ്ങനെ ഉയർത്തുകയുമാണ് തന്റെ ലക്ഷ്യം.

”നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും വ്യവസായവുമായി സഹകരിച്ച് സജ്ജീകരിക്കപ്പെടുന്ന, അനുഭവ പഠനത്തിന് പര്യാപ്തമായ ആധുനിക ലാബുകൾ ഉണ്ടാകണം.
സ്കൂളുകളും കോളേജുകളും നമ്മുടെ യുവതലമുറയ്‌ക്ക് പഠിക്കാനും ചർച്ച ചെയ്യാനും അവരുടെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അക്രമരഹിത ഇടങ്ങളായിരിക്കണം. അവിടെ അക്രമങ്ങളിലൂടെ ആരും കൊല്ലപ്പെടാനും ആരെയും ഭീഷണിപ്പെടുത്താനും പാടില്ല”, രാജീവ് ചന്ദ്രശേഖർ പറയുന്നു.

നമ്മുടെ കുട്ടികൾ വിദേശത്ത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം തേടിപ്പോകേണ്ട അവസ്ഥ ഇവിടെയുണ്ടാകരുത്. അവർക്ക് ഇവിടെ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്.
വിദ്യാഭ്യാസരംഗത്ത് തിരുവനന്തപുരത്തെ ഒരു ആഗോള ബ്രാൻഡായി ഉയർത്തണം – “തിരുവനന്തപുരത്ത് പഠിച്ചു” എന്നത് നമ്മുടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അഭിമാനത്തിന്റെ അടയാളമായി മാറണം, മാറും. അതിനായി പ്രയത്നിക്കുകയാണ് എന്റെ നിയോഗം’, രാജീവ് ചന്ദ്രശേഖർ തന്റെ കുറിപ്പിൽ പറയുന്നു.

 ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരുവനന്തപുരത്തെ

ഒരു ബ്രാൻഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്കൂൾ തലം തൊട്ട് നടപ്പിലാക്കുമെന്നും തിരുവനന്തുപരത്തെ വിദ്യാഭ്യാസ വികസന സാധ്യതകളെ കുറിച്ച് സംഘടിപ്പിച്ച പൊതുചർച്ചയിൽ സംസാരിക്കവെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ മോഡറേറ്റായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും വിദ്യാർത്ഥികളുമായി രാജീവ് ചന്ദ്രശേഖർ സംവദിച്ചു.

ഗേവഷണം, നൂതനാശയം, വിദ്യാഭ്യാസം എന്നിവയിലൂന്നിയുള്ള വികസനമാണ് തിരുവനന്തപുരത്തിന് വേണ്ടത്. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്. സ്കൂൾ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്കൂളുകളെ മികവുറ്റ സ്ക്കൂളുകളാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സാങ്കേതികവിദ്യാ രംഗത്ത് മെയ്ഡ് ഇൻ ജപാൻ എന്നു പറയുന്നതുപോലെ വിദ്യാഭ്യാസ രംഗത്ത് എജുക്കേറ്റഡ് ഇൻ തിരുവനന്തപുരം എന്നത് ഒരു സവിശേഷതയാക്കി മാറ്റണമെന്നും അതിനു സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വ്യവസായ മേഖലയുടെ സഹകരണം കൂടി ആവശ്യമാണ്. നൈപുണ്യത്തിന്റെ മാനങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചാലെ നിലനിൽപ്പുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by