കോട്ടയം: റേഞ്ച് ഓഫീസ് പരിസരത്ത് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവം വനംവകുപ്പിന് നാണക്കേടായി തുടരുന്നതിനിടെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഫോറസ്റ്റ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറിയേക്കും. പാച്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിസരത്താണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായി പറയപ്പെടുന്നത്. എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഇക്കാര്യം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിനിടെ ഈ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതും വിവാദമായി. എന്നാല്‍ ജയനെതിരെ പെരുമാറ്റ ദൂഷ്യത്തിന് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. ഏതായാലും കഞ്ചാവ് ചെടി കണ്ടെത്തിയെന്ന് പറയപ്പെടുന്ന സംഭവവും വനിതാ ഉദ്യോഗസഥര്‍ നല്‍കിയ പരാതിയുടെ നിജസ്ഥിതിയും അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ കഞ്ചാവു ചെടികള്‍ ആരോ പറിച്ചെടുത്ത് നശിപ്പിച്ചു. സംഭവത്തില്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു നടത്തിയ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: