മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ എല്ലാ മണ്ഡലങ്ങളിലും അണിനിരന്നതോടെ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ചിത്രം വ്യക്തമായിരിക്കുന്നു. കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് എന്നീ പ്രധാനപ്പെട്ട നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ബിജെപി പ്രഖ്യാപിക്കാതിരുന്നത് വലിയ ഉദ്വേഗംതന്നെ സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങള്‍ ഓരോ ദിവസവും പലരുടെയും പേരുകള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവര്‍ക്ക് ഊഹിക്കാന്‍ കഴിയാതിരുന്ന ചില പേരുകളാണ് അഞ്ചാമത്തെ പട്ടികയിലൂടെ ബിജെപി പുറത്തുവിട്ടത്. കൊല്ലത്ത് സിനിമാ താരം ജി.കൃഷ്ണകുമാറും, എറണാകുളത്ത് ഡോ.കെ.എസ്. രാധാകൃഷ്ണനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. രാജ്യത്തെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്ത്ഥിയെന്നറിയാന് കാത്തിരിക്കുകയായിരുന്നു എല്ലാവരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. വയനാട്ടില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി ആനി രാജയുമുണ്ട്. ദേശീയതലത്തില്‍ ഒരു മുന്നണിയില്‍പ്പെടുന്ന രാഹുലും ആനിയും വയനാട്ടില്‍ വന്ന് പരസ്പരം എതിര്‍ക്കുന്നതിനെ ആരും കാര്യമായിട്ടെടുക്കുന്നില്ല. ഇരുവരും തമ്മിലുള്ളത് സൗഹൃദ മത്സരമാണെന്ന് കരുതാത്തവര്‍ കുറയും. ഈ സാഹചര്യത്തില്‍ കെ.സുരേന്ദ്രന്റെ രംഗപ്രവേശം ഇടതു-വലതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഒത്തുകളിക്കാര്‍ക്ക് ഇനി പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും.
ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ ഡോ.ടി.എന്‍. സരസു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നതും മത്സരത്തിന്റെ സ്വഭാവം മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ഇവിടെ രമ്യ ഹരിദാസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും, മന്ത്രി കെ.രാധാകൃഷ്ണനെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും ശ്രമിക്കുന്നതിനിടെയാണ് സരസു ടീച്ചറുടെ രംഗപ്രവേശം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപ്പട്ടിക പരിശോധിച്ചവര്‍ക്ക് ഈ പേര് കാണാനായില്ല. ആലത്തൂരില്‍ ശരിക്കും ഒരു മാസ്റ്റര്‍സ്ട്രോക്കാണ് ബിജെപി നടത്തിയിരിക്കുന്നത്. ആലത്തൂരിനെ പ്രതിനിധീകരിക്കാനുള്ള അര്‍ഹതയും യോഗ്യതയും പരിശോധിക്കുമ്പോള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെക്കാള്‍ ഒരുപാട് മുന്നിലാണ് സരസു ടീച്ചര്‍. പ്രശസ്തമായ പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാളായിരുന്ന ടി.എന്‍. സരസു അക്കാദമിക് രംഗത്ത് മികവ് തെളിയിച്ചയാളാണ്. മൂന്നു പതിറ്റാണ്ടോളം നീളുന്ന അധ്യാപന ജീവിതത്തില്‍ രണ്ട് വര്‍ഷം മാത്രമാണ് സരസു ടീച്ചര്‍ വിക്ടോറിയ കോളജില്‍ ഇല്ലാതിരുന്നത്. ഈ ചെറിയ ഇടവേളയ്ക്കുശേഷം പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ടീച്ചര്‍ ഈ കോളജില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. പഠനനിലവാരം ഉയര്‍ത്തുന്നതിനും കോളജിന്റെ അന്തസ്സ് വര്‍ധിപ്പിക്കുന്നതിനും കഴിയാവുന്നതെല്ലാം ചെയ്തു. അന്ധമായ കാമ്പസ് രാഷ്ട്രീയത്തെ എതിര്‍ക്കുകയും, വിദ്യാര്‍ത്ഥികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ കണ്ട് സഹായിക്കുകയും ചെയ്ത സരസു ടീച്ചര്‍ മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചത് സിപിഎമ്മിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയുടെയും ശത്രുത ക്ഷണിച്ചുവരുത്തി.
എസ്എഫ്ഐ ഫാസിസത്തിന് കീഴടങ്ങാതിരുന്ന ടി.എന്‍. സരസുവിനെ വിക്ടോറിയ കോളജില്‍നിന്ന് അപമാനിച്ചിറക്കിവിടുകയാണ് ചെയ്തത്. അധ്യാപന ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന ടീച്ചറെ ആ കലാലയത്തിന്റെ മുറ്റത്ത് കുഴിമാടമൊരുക്കി അതിന് മുകളില്‍ പൂക്കള്‍ വിതറിയാണ് എസ്എഫ്ഐ യാത്രയയപ്പ് നല്‍കിയത്. കേരളത്തിന്റെ ശിരസ്സ് അപമാനഭാരംകൊണ്ട് താണുപോയ ഈ സംഭവത്തെ ന്യായീകരിക്കുകയും, പ്രാകൃതമായ ഈ പ്രവൃത്തി ചെയ്തവരെ സംരക്ഷിക്കുകയുമായിരുന്നു സിപിഎമ്മും കേരളം ഭരിക്കുന്നവരും. ആധുനിക ചിത്രകലയിലെ ‘പ്രതിഷ്ഠാപന’ രീതിയാണ് ഇതെന്നായിരുന്നു സിപിഎം നേതാവും മുന്‍ സാംസ്കാരിക മന്ത്രിയുമായ എം.എ.ബേബി പറഞ്ഞത്. അത്യന്തം നിന്ദാര്‍ഹമായ ഈ നടപടിക്കെതിരെ ഒരക്ഷരംപോലും മിണ്ടാതിരുന്നയാളാണ് മന്ത്രി കെ.രാധാകൃഷ്ണന്. ഇതേ രാധാകൃഷ്ണന് ആലത്തൂരില്‍ സരസു ടീച്ചറുടെ എതിരാളിയായെത്തുമ്പോള്‍ നീതിബോധമുള്ള ജനങ്ങള്‍ ചിന്തിക്കും. സരസു ടീച്ചറിലൂടെ ആലത്തൂരില്‍ മത്സരിക്കുന്നത് കേരളത്തിന്റെ മനഃസാക്ഷിയാണ്. പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്ത്ഥന് എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ ഫാസിസം കൊന്നുതള്ളിയതിന്റെ വേദന കേരളീയ സമൂഹം ഇപ്പോഴും അനുഭവിക്കുകയാണ്. ഇതേ എസ്എഫ്ഐ ഫാസിസത്തിന്റെ ഇരയാണ് സരസു ടീച്ചറും. ആത്മാഭിമാനം അടിയറവയ്ക്കാത്ത ദളിതരെ അപമാനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തിദുര്‍ഗമാണ് സരസു ടീച്ചര്‍. കഴിവും കാര്യപ്രാപ്തിയുമുള്ള ഈ അദ്ധ്യാപികയ്ക്ക് വോട്ടു ചെയ്താല്‍ അത് ഒരിക്കലും പാഴാവില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: