ബെംഗളൂരു: വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ വിജയത്തിലേക്ക് ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാൽ ലോംറോറും. ഇരുവരും ചേര്‍ന്ന് 18 പന്തിൽ 48 റൺസ് നേടിയപ്പോള്‍ 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
ആര്‍സിബിക്കായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിംഗും (17 പന്തില്‍ 25) ധവാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിനെ 72 റണ്‍സിലെത്തിച്ചു. പ്രഭ്സിമ്രാന്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റണും (13 പന്തില്‍ 17) മികച്ച പ്രകടനം നടത്താനായില്ല. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ശിഖര്‍ ധവാനും മടങ്ങി. മാക്സ്വെല്ലിന്റെ പന്തില്‍ കോഹ്ലി പിടികൂടി.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ നോക്കിയ ജിതേഷ് ശര്‍മയും (20 പന്തില്‍ 27), സാം കറനും (17 പന്തില്‍ 23) ചേര്‍ന്ന് പഞ്ചാബിനെ 150 കടത്തിയെങ്കിലും കറനെ യാഷ് ദയാലും ജിതേഷിനെ സിറാജും മടക്കിയതോടെ അവസാന ഓവറുകളില്‍ പഞ്ചാബ് പതറി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സടിച്ച ശശാങ്ക് സിംഗാണ് (8 പന്തില്‍ 21*) പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
What a finish 🔥
What a chase 😎An unbeaten 48*-run partnership between @DineshKarthik and @mahipallomror36 wins it for the home team 💪@RCBTweets register a 4-wicket win!#TATAIPL | #RCBvPBKS pic.twitter.com/0BFhn9BRnC
— IndianPremierLeague (@IPL) March 25, 2024
മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ ഫാഫ് ഡുപ്ലെസിയെ നഷ്ട്ടമായ ബംഗളൂരുവിന് അഞ്ചാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായി. മൂന്ന് റണ്‍സ് വീതമായിരുന്നു ഇരുവരും നേടിയത്. കഗിസോ റബാദയ്‌ക്കാണ് രണ്ട് വിക്കറ്റുകളും. എങ്കിലും ഓപ്പണറായി ഇറങ്ങിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍ത്തടിച്ചതോടെ ആര്‍സിബി മുന്നോട്ടുകുതിച്ചു. ഇതിനിടെ കോഹ്‌ലി അര്‍ദ്ധസെഞ്ച്വറി തികച്ചു. 31 പന്തിലായിരുന്നു താരം 50 റണ്‍സടിച്ചത്.
18 റണ്‍സെടുത്ത രജത് പട്ടിദാറിനെയും തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (3) പുറത്താക്കി ഹര്‍പ്രീത് ബ്രാര്‍ ആര്‍സിബിയെ ഇരട്ടപ്രഹരമേല്‍പ്പിച്ചു. അവസാന അഞ്ച് ഓവറില്‍ വിജയിക്കാന്‍ 67 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. 16ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച് വിരാട് കോഹ്‌ലി റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ച് ഹര്‍ഷല്‍ പട്ടേല്‍ കോഹ്‌ലിയെ (77) പുറത്താക്കി.
തൊട്ടടുത്ത ഓവറില്‍ അനുജ് റാവത്തിനെ (11) സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇംപാക്ട് പ്ലേയറായി മഹിപാല്‍ ലോംറോര്‍ ക്രീസിലെത്തി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും 20 പന്തില്‍ 48 റണ്‍സെടുത്തതോടെ ആര്‍സിബി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. പത്ത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും എട്ട് പന്തില്‍ 17 റണ്‍സെടുത്ത് ലോംറോറും പുറത്താകാതെ നിന്നു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും കഗിസോ റബാദയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: