പനജി: ഡെംപോ… ഭാരതത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ്, കേന്ദ്രം ഗോവ, ഗോവയിലെ ഡെംപോ എന്ന ഫുട്ബോള്‍ ക്ലബിന്റെ കാര്യം കായിക പ്രേമികള്‍ മറക്കാനിടയില്ല. ഡെംപോ ഗ്രൂപ്പിന്റെ സാരഥികളില്‍ ഒരാളാണ് പല്ലവി. പല്ലവി ഡെംപോ ബിസിനസ് ലോകത്തില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയരിക്കുകയാണ്, രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍. തെക്കന്‍ ഗോവ ലോക്സഭാ മണ്ഡലത്തിലെ ബിജെപിസ്ഥാനാര്ത്ഥിയാണ്.
ഗോവയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന ബിജെപിയുടെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയെന്ന റിക്കാര്‍ഡും പല്ലവിക്കുണ്ട്. ഡെംപോ ഇന്‍ഡസ്ട്രീസ് എക്സി. ഡയറക്ടറാണ്, ഡെംപോ ചാരിറ്റീസ് ട്രസ്റ്റിന്റെ ട്രസ്റ്റിയും. ഗ്രൂപ്പിന്റെ മാധ്യമ, റിയല്‍ എസ്റ്റേറ്റ് കാര്യങ്ങള്‍ നോക്കി നടത്തുന്നതും പല്ലവി തന്നെ. ഡെംപോ ഗ്രൂപ്പ് ചെയര്മാന് ശ്രീനിവാസ ഡെംപോയുടെ ഭാര്യയാണ്. ഖനനം, റിയല്‍ എസ്റ്റേറ്റ്, ഭക്ഷ്യ സംസ്കരണം, കപ്പല്‍ നിര്‍മാണം, പത്രപ്രസാധനം, പെട്രോൡയം കോക്ക് ബിസിനസ് തുടങ്ങി പല മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രൂപ്പാണ് ഡെംപോ.
ഗോവ പര്വ്വതീബായ് ചഗ്ളേ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം, പൂനെ എംഐടിയില്‍ നിന്ന് ബസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം. 20 നിയമസഭാ മണ്ഡലങ്ങളുള്ള തെക്കന്‍ ഗോവ ഇപ്പോള്‍ കോണ്‍ഗ്രസ് മണ്ഡലമാണ്. മുതിര്‍ന്ന കോണ്‍. നേതാവ് ഫ്രാന്‍സിസ്കോ സര്ദ്ദീനയാണ് എംപി. തങ്ങളുടെ കോട്ടയായി കോണ്‍ഗ്രസ് കരുതുന്ന സൗത്ത് ഗോവയില്‍ കോണ്‍ഗ്രസ് പത്തു തവണയും ബിജെപിരണ്ടു തവണയും (99, 2014) ജയിച്ചിട്ടുണ്ട്. ഇക്കുറി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയാണ് പല്ലവിയുടെ ദൗത്യം.
മണ്ഡലത്തില്‍ ഇക്കുറി വനിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് ചരിത്രം രചിക്കാനുള്ള അവസരമാണ്, പല്ലവിക്ക് വോട്ടു ചെയ്യാന്‍ ഞാന്‍ സ്ത്രീ സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപിനേതാവുമായ പ്രമോദ് സാവന്ത് പറഞ്ഞു. കുറഞ്ഞത് 60,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് പല്ലവി ജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
മെയ് 7 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.12 ലക്ഷം വോട്ടര്‍മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: