കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിന്റെ ഇരട്ടി ആനകൾ മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. എറണാകുളത്ത് എൻ ഡി എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ടൂറിസ്റ്റു വിസയിൽ ആറേഴു തവണ വയനാട്ടിൽ വരുന്ന രാഹുൽ മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടാറില്ലെന്നു പറഞ്ഞ സുരേന്ദ്രൻ ‘രാഹുൽ വയനാട്ടിൽ വരും, രണ്ട് പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റിടും, പോവും’ ഇതാണ് നടക്കുന്നതെന്നും പരിഹസിച്ചു. വയനാടിനെ ആസ്പിരേഷനാൽ ജില്ലയായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തിരുമാനിച്ചെങ്കിലും സ്ഥലം എംഎൽഎ എന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കാൻ പോലും രാഹുൽ ഗാന്ധി തയാറായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് വന്യജീവി ശല്യം നേരിടാൻ കോടികൾ നൽകുന്നുണ്ട്. എന്നാൽ അത് കേരളം എന്തുചെയ്തു എന്നെങ്കിലും രാഹുൽ തിരക്കിയിട്ടുണ്ടോ , എല്ലാം കാര്യങ്ങളും ചെയ്യാമായിരുന്നിട്ടും രാഹുൽ ഗാന്ധി വയനാടിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിലെ ജനസംഖ്യയിൽ 20 ശതമാനം വനവാസികളാണ്. അവർക്ക് വേണ്ടി രാഹുൽ എന്താണ് ചെയ്തത്. കേരളത്തിലെ എംപിമാരെല്ലാം യാതൊരു ഉപയോഗവുമില്ലാത്ത അജഗളസ്തനങ്ങളാണ്. ഗാന്ധി പ്രതിമയ്ക് മുന്നിൽ രണ്ട് കൂക്കിവിളികൾ നടത്തുക മാത്രമാണെവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനെപ്പോലെ ഇത്രയും വികസന പ്രതിസന്ധിയുള്ള സ്ഥലം വേറെയില്ല. എന്തിനാണ് ഇങ്ങനെയൊരു എം.പി. ടൂറിസ്റ്റ് വിസയിലൊരു എം.പിയെ ആവശ്യമുണ്ടോ? വയനാടിന് എന്തു പദ്ധതിയാണ് രാഹുല്ഗാന്ധി കൊണ്ടുവന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: