നിയമസഭാ പാസാക്കിയ ബില്ലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വളയമില്ലാതെ ചാടുകയാണ്. ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയവും ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനവും ആണെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. എന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഉപദേശമനുസരിച്ചാണത്രേ രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത്. നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകള്‍, വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, ക്ഷീര നവീകരണ ബില്‍ എന്നിവയ്ക്ക് അനുമതി വൈകിപ്പിക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാതി. ഗവര്‍ണര്‍ അയച്ച ബില്ലുകളില്‍ ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. കാരണം കാണിക്കാതെ ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഒക്കെയാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ ആക്ഷേപം. ഗവര്‍ണറുടെ നടപടി റദ്ദാക്കി ബില്ലുകള്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിടണം എന്നതാണ് ആവശ്യം.
സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണത്തിന്റെയും അക്രമാസക്ത സമരത്തിന്റെയും തുടര്‍ച്ചയാണ് രാഷ്ട്രപതിക്കെതിരായ പരാതിയും. ഭാരത റിപ്പബ്ലിക്കിന്റെ പരമാധികാരിയാണ് രാഷ്ട്രപതി. രാഷ്ട്രപതിയുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അതിനു മുതിരുന്നവര്‍ റിപ്പബ്ലിക്കിന്റെ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നത്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടനയില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ്. അതിനനുസരിച്ചാണ് ഏഴുപതിറ്റാണ്ടിലേറെയായി ഓരോ രാഷ്ട്രപതിയും പ്രവര്‍ത്തിച്ചുപോരുന്നത്. അധികാര പ്രമത്തരായ ഏതെങ്കിലും ഒരു നേതാവിന്റെയും പാര്‍ട്ടിയുടെയും താല്പര്യത്തിനനുസരിച്ച് മാറ്റിമറിക്കാവുന്ന ഒന്നല്ല ഇത്. ജനാധിപത്യവും നിയമവാഴ്ചയും ഒന്നും നിലവില്ലാത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഭരണ സംവിധാനം ഒന്നടങ്കം അവിടുത്തെ ഏകാധിപതികളുടെ താളത്തിന് തുള്ളുന്നുണ്ടാവാം. കമ്മ്യൂണിസ്റ്റ് ചൈനയിലും ഉത്തരകൊറിയയിലുമൊക്കെ ഇതാണ് സംഭവിക്കുന്നത്. ഇതില്‍ ആവേശംകൊള്ളുന്നവര്ക്ക് അവിടുത്തെ പോലെ ഇവിടെയും സംഭവിക്കണമെന്ന് ആഗ്രഹമുണ്ടാവാം. അധികാരം നേടാന്‍ മാത്രം ഭരണഘടനയെയും നിയമത്തെയും തെരഞ്ഞെടുപ്പിനെയുമൊക്കെ അംഗീകരിക്കുന്നുവെന്ന് വരുത്തുന്നവരാണ് ഇവര്‍.
ഈ മനോഭാവം പങ്കിടുന്ന ജിഹാദി ശക്തികളെ പ്രീണിപ്പിക്കുക എന്നതും രാഷ്ട്രപതിക്കെതിരായ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കത്തിന്റെ ലക്ഷ്യമാണ്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരായ സമരത്തില്‍ ഇടത്- ജിഹാദി ശക്തികള്‍ ഒറ്റക്കെട്ടായിരുന്നുവല്ലോ. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ കിട്ടുന്ന ഒരവസരവും ഈ ശക്തികള്‍ പാഴാക്കുന്നില്ല. രാഷ്ട്രപതിക്കെതിരെ തിരിയുക എന്നതിനര്‍ത്ഥം രാഷ്ട്രത്തിന് എതിരാവുക എന്നുതന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജിഹാദി ശക്തികളുടെ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവും. ഭാരതം ഒരു രാഷ്ട്രമല്ലെന്നും പതിനാറ് രാഷ്ട്രങ്ങളാണെന്നുമുള്ള ഇടത് പാര്‍ട്ടികളുടെ നയവും, അല്ലാഹുവിന്റെ പേരില്‍ ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്നുള്ള ജിഹാദി ശക്തികളുടെ ഭീഷണിയും ഒരുമിച്ച് പോകുന്നതാണ്. അടവുനയമെന്ന നിലയ്ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകുമ്പോഴും ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ നയവും ഇതുതന്നെയാണ്. രാജ്യത്തെ പൊതു നിയമങ്ങള്‍ സ്വീകരിക്കാതെയും അംഗീകരിക്കാതെയും കേരളം വേറിട്ടതാണെന്നുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം ഇതിനു മുന്‍പ് പലപ്പോഴും വെളിപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതും ഇതിനനുസൃതമായാണ്. ദേശവിരുദ്ധമായ ഈ മനോഭാവത്തെ കരുതിയിരിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: