ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതോടെ പാര്‍ട്ടി നേതൃത്വം രണ്ടു തട്ടില്‍. അറസ്റ്റിനെതിരെ ദല്‍ഹിയില്‍ പോലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
രാജ്യവ്യാപക പ്രതിഷേധത്തിനാണ് ആപ്പ് ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ദല്‍ഹി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സോംനാഥ് ഭാരതി ഹോളി ആഘോഷത്തില്‍ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചു. സോംനാഥ് ഭാരതിയുടെ ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. കണ്‍വീനര്‍ കൂടിയായ കേജ്രിവാളിന്റെ അഭാവത്തില്‍ ആപ്പ് രാഷ്‌ട്രീയ കാര്യസമിതിയാണ് പാര്‍ട്ടിയുമായ ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നത്.
കേജ്രിവാളിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയാവുകയാണ്. മദ്യനയഅഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രി വാളിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപിയോട് മത്സരിക്കുകയും ചെയ്തത് കോണ്‍ഗ്രസാണ്. എന്നാല്‍ കേജ്രിവാളിന്റെ അറസ്റ്റുണ്ടായപ്പോള്‍ അത് രാഷ്‌ട്രീയനേട്ടമായി അവതരിപ്പിക്കാന്‍ കഴിയാത്ത വിഷമാവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കേജ്രിവാളിനെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രസ്താവനകളും വീഡിയോകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അറസ്റ്റിനെതിരെ ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹി രാം ലീല മൈതാനത്ത് ഈ മാസം 31ന് മഹാറാലി നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും സഖ്യത്തിന്റെ പ്രമുഖനേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആപ് നേതാക്കളും ദല്‍ഹി മന്ത്രിമാരുമായ ഗോപാല്‍ റായ്, അതിഷി, സൗരഭ് ഭരദ്വാജ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അരവീന്ദര്‍ സിങ് ലവ്ലി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജീവ് കുന്‍വര്‍ എന്നിവരാണ് ഇന്‍ഡി സഖ്യത്തിന്റെ പേരില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്ത അരവിന്ദ് കേജ്രിവാളിനെ ഈ മാസം 28 വരെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇഡി സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ അന്വേഷണത്തോട് കേജ്രിവാള്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. രാജിവെക്കാതെ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് ആപ്പ് നേതൃത്വം പറയുന്നതെങ്കിലും രാഷ്‌ട്രീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണ് ഈ തീരുമാനമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാജി ആവശ്യപ്പെട്ട് ബിജെപി സമരരംഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: