Categories: Kerala

രാഷ്‌ട്രപതിയെ അപമാനിക്കാനുള്ള നീക്കം ജനം തള്ളും; വനവാസികളോടും സ്ത്രീകളോടും സിപിഎമ്മിന് അസഹിഷ്ണുത: വി. മുരളീധരന്‍

Published by

തിരുവനന്തപുരം: രാഷ്‌ട്രപതിയെ സിപിഎം വിചാരണക്ക് വിധേയമാക്കുന്നതില്‍ അത്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദേശീയ ജനാധിപത്യ സഖ്യം വനവാസി വനിതയെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോള്‍ തന്നെ സിപിഎം എതിര്‍ത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിന് പിന്നില്‍.

ചരിത്രത്തില്‍ ആദ്യമായല്ല രാഷ്‌ട്രപതി ബില്ലുകള്‍ തടഞ്ഞുവെക്കുന്നതെന്നും എന്നാല്‍ ആരും രാഷ്‌ട്രപതിഭവനെ കോടതി കയറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയെ അപമാനിക്കാനുള്ള സിപിഎം നീക്കം ജനം തള്ളുമെന്നും മുരളീധരന്‍ പറഞ്ഞു.

ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ടുപിടിച്ചിട്ട്, വനിതാ മുഖ്യമന്ത്രി വേണ്ട, പുരുഷന്‍ മതിയെന്ന നിലപാട് സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. സിപിഎം പോളിറ്റ് ബ്യൂറോയില്‍ പോലും ദളിതരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയത് സമീപകാലത്ത് മാത്രമാണ്. വനവാസി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് തിരിമറി നടത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

ആറ്റിങ്ങലില്‍ തന്നെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ലെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞുവെന്ന് ലോക്‌സഭാ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി പറഞ്ഞു. ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നവര്‍ക്ക് സംരക്ഷണം നല്‍കിയവരാണ് സിപിഎം എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

1600 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ ഇല്ലാത്തവര്‍ ലക്ഷങ്ങള്‍ മുടക്കി കേസിന് പോകുന്നതെങ്ങനെയെന്ന് കേരളം ചിന്തിക്കും. ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള സ്വജനപക്ഷപാത നിയമങ്ങളാണ് രാഷ്‌ട്രപതി പിടിച്ചുവച്ചിരിക്കുന്നത്. നിയമസഭയെ അഴിമതിക്കുള്ള കളമാക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക