ന്യൂദല്‍ഹി: ചോദ്യത്തിനു കോഴ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. അന്വേ
ഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മഹുവ ആവശ്യപ്പെട്ടു.
ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നാണ് മഹുവ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍, മഹുവയുടെ കൊല്‍ക്കത്തയിലെ വീട്ടിലും കൃഷ്ണനഗറിലെ അപ്പാര്‍ട്ട്മെന്റിലും അച്ഛന് താമസിക്കുന്ന മറ്റൊരു അപ്പാര്‍ട്ട്മെന്റിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. കോഴക്കേസില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസമാണ് സിബിഐക്ക് ലോക്പാല്‍ നിര്‍ദേശം നല്‍കിയത്.
മഹുവയ്ക്കു നേരെ ഉയര്‍ന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും പദവി പരിഗണിക്കുമ്പോള്‍ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു വ്യവസായി ദര്ശന് ഹീരാനന്ദാനിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മഹുവയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: