സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വിജയത്തിനരികില്‍. മത്സരത്തിന് രണ്ട് ദിവസം കൂടി ശേഷിക്കെ സന്ദര്‍ശകരായ ലങ്കയ്ക്ക് വേണ്ടത് വെറും അഞ്ച് വിക്കറ്റ്. മൂന്നാം ദിവസമായ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ലങ്കന്‍ ലീഡ് 463. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിന് മുന്നില്‍ ശ്രലങ്ക വച്ച വിജയലക്ഷ്യം 511 റണ്‍സ്.
സ്കോര്‍: ശ്രീലങ്ക- 280, 418/10(110.4); ബംഗ്ലാദേശ്- 188, 47/5(13)
92 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായാണ് ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചത്. ദിമുത്ത് കരുണ രത്നെയുടെ അര്‍ദ്ധസെഞ്ചുറി ഒഴിച്ചാല്‍ ആദ്യ ഇന്നിങ്സിനെക്കാള്‍ പരിതാപകരമായിരുന്നു ലങ്കന്‍ മുന്‍നിരയുടെ സംഭാവന. മൂന്നാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ആദ്യ ഇന്നിങ്സിന്റെ തനിയാവര്‍ത്തനം സില്‍ഹട്ടിലെ സ്റ്റേഡിയം കണ്ടു. ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും(108) കമിന്‍ഡു മെന്‍ഡിസും(164) സെഞ്ചുറി കരുത്തുകാട്ടി. ഇരുവരും ഒരുമിച്ച ഏഴാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. ലങ്കന്‍ സ്കോര്‍ 299ലെത്തിയപ്പോള്‍ ക്യാപ്റ്റനെയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് പ്രഭാത് ജയസൂര്യ(25) മെന്‍ഡിസിന് ഒത്ത പിന്തുണക്കാരനായി പിടിച്ചു നിന്നു. എട്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത് 87 റണ്‍സ്. ജയസൂര്യ പുറത്തായതിന് ശേഷവും വാലറ്റക്കാരെ കൂട്ടുപിടിച്ച് കമിന്‍ഡു ലങ്കയ്ക്കായി പരമാവധി നേരം പിടിച്ചു നിന്ന് കളിച്ചു. ഒടുവില്‍ ലങ്കന്‍ ടോട്ടല്‍ 418 റണ്‍സിലെത്തുമ്പോള്‍ മെന്‍ഡിസിന്റെ പുറത്താകലോടെയാണ് ഇന്നിങ്സിന് അവസാനമായത്.
ബംഗ്ലാദേശിനായി മെഹ്ദി ഹസന് മിറാസ് നാല് വിക്കറ്റ് നേടി. നാഹിദ് റാണയും തൈജുല്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനെ എറിഞ്ഞ് വീഴ്ത്താന്‍ മുന്നില്‍ നിന്നത് പേസര്‍ വിശ്വ ഫെര്‍ണാണ്ടോ ആണ്. ഏഴ് ഓവറുകള്‍ എറിഞ്ഞ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഹ്മദുല്‍ ഹസന് ജോയിയെ പൂജ്യത്തിന് പുറത്താക്കിയാണ് ഫെര്‍ണാണ്ടോ തുടങ്ങിയത്. പിന്നീട് ഷഹദത്ത് ഹൊസെയിന് ദിപു, വിലപ്പെട്ട താരം ലിറ്റണ്‍ ദാസ് എന്നിവരെയും ഫെര്‍ണാണ്ടോ പൂജ്യത്തിന് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: