തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിരോധിത ഭീകരസംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാത്തത് പക്ഷപാതപരമാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇതിനെതിരെ ദേശീയ ജനാധിപത്യ സഖ്യം തെര. കമ്മിഷനെ സമീപിക്കും. കമ്മീഷന് ഈ കാര്യം ഗൗരവമായി പഠിച്ച് നടപടിയെടുക്കണം. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. അയ്യപ്പവിശ്വാസികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ വി.ഡി. സതീശന് തയ്യാറാവുന്നില്ല. ശബരിമല തീര്‍ത്ഥാടകരെ രണ്ടാനമ്മയുടെ മക്കളെപ്പോലെയാണ് കാണുന്നത്. മുസ്ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്.
ഇതും വ്യക്തമായ ചട്ടലംഘനമാണ്. മുസ്ലിങ്ങളെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണെന്ന കളളപ്രചരണമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നത്. ഇതെല്ലാം വ്യാജ പ്രചരണങ്ങളുടെ കണക്കില്‍പ്പെടുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതിനെതിരെ നടപടിയെടുക്കണം.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ബോധ്യമാണ് ഇത്തരം വര്‍ഗീയ പ്രചരണത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
എന്‍ഡിഎ സംസ്ഥാന മീഡിയ സെന്റര്‍ തുറന്നു
തിരുവനന്തപുരം: എന്‍ഡിഎയുടെ സംസ്ഥാന മീഡിയ സെന്റര്‍ ചെയര്മാന് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനിലാണ് എന്‍ഡിഎ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ, സംസ്ഥാന സെക്രട്ടറി ജെ.ആര്. പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: