അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ യഥാസമയം പ്രവേശിപ്പിക്കാതിരുന്നതിനാല്‍ രോഗം മൂര്‍ഛിച്ച് രോഗി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പുതുവല്‍ ഫിഷര്‍മെന്‍ കോളനിയില്‍ ചന്ദ്രന് (67) ആണ് ഞായറാഴ്ച പകല്‍ ഒരു മണിയോടെ മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14-ാം വാര്‍ഡില്‍ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടിനാണ് പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചിട്ടും ഐസിയു അനുവദിച്ചില്ല. ഇന്നലെ പുലര്‍ച്ചെ ചന്ദ്രന് രോഗം മൂര്‍ഛിക്കുകയായിരുന്നു. ഡോക്ടര്‍ മെഡിസിന് ഐസിയുവിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു.
പിന്നീട് മരിക്കുന്നതിന് അല്പം മുന്‍പ് മാത്രമാണ് കിടക്ക ലഭിച്ചത്. എന്നാല്‍ രോഗി ഉടന്‍ തന്നെ മരിച്ചു. ഐസിയുവില്‍ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കില്‍ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും, സൂപ്രണ്ടിനും, ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെ മെഡിസിന് ഐസിയുവിലെ എസി തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമര്‍ജന്‍സി ഐസിയുവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ടു കിടക്കകള്‍ മാത്രമാണുള്ളത്. ഇതാണ് രോഗികളെ ഏറെ വലയ്ക്കുന്നത്. ശ്രീദവിയാണ് ചന്ദ്രന്റെ ഭാര്യ, മക്കള്‍: ശ്രീമോന്, ശ്രീജ. മരുമകള്‍: കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: