തിംഫൂ(ഭൂട്ടാന്): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഭൂട്ടാന് രാജാവ് ജിഗ്മെ നംഗ്യെല്‍ വാങ്ചുക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന് സന്ദര്‍ശനത്തിനുശേഷമാണ് രാജാവിന്റെ പ്രശംസ. അസാധാരണനായ നേതാവാണ് മോദി. രാജ്യങ്ങളില്‍ വേണ്ടത് ഇത്തരത്തിലുള്ള നേതാക്കളാണ്, രാജാവ് പറഞ്ഞു.
വാങ്ചുക്ക് രാജാവ് വീഡിയോ സന്ദേശത്തിലാണ് മോദിയെ പ്രശംസിച്ചത്. മോദിയുടെ ഭരണത്തില്‍ കഴിഞ്ഞ ദശകത്തില്‍ സവിശേഷമായ നേട്ടങ്ങളാണ് ഭാരതത്തിനുണ്ടായിരിക്കുന്നത്. അതുപോലെ മനോഹരമായ ഭാവിയാണ് ഇത് വിഭാവനം ചെയ്യുന്നത്. ഭാരതത്തിനൊപ്പം മുന്നോട്ടുപോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. അസാധാരണ മികവുള്ള നേതാക്കളാണ് രാജ്യങ്ങള്‍ക്കാവശ്യം, എന്നാല്‍ ഇത്തരത്തിലുള്ള നേതാക്കള്‍ വളരെ കുറവാണ്. ഇത്തരത്തിലുള്ള നേതാക്കള്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ സമര്‍പ്പണമായിരിക്കും പ്രകടിപ്പിക്കുക. ഒരു നേതാവിന് വലിയ അധികാരങ്ങളുണ്ടെങ്കില്‍ അത് സ്വന്തം കാര്യത്തിനല്ല മറിച്ച് ജനങ്ങളുടെ പിന്തുണയോടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും പ്രയോജനപ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളുമുണ്ട്.
ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്പോ സമ്മാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത ജനതയും എല്ലായ്പ്പോഴും ഭൂട്ടാനൊപ്പമാണ് നിലകൊള്ളുന്നതെന്നും രാജാവ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ നന്ദിയറിയിച്ചു. തിരക്കിട്ട പരിപാടികള്‍ക്കിടയിലും കാലാവസ്ഥ പ്രശ്നങ്ങള്‍ക്കിടയിലും വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം മോദിയുടെ ഗ്യാരന്റിയാണെന്നും ഷെറിങ് ടോബ്ഗേ എക്സില്‍ കുറിച്ചു. ഭൂട്ടാന്റെ പരമോന്നത ബഹുമതി നല്കി ആദരിച്ചതില്‍ മോദി നന്ദിയറിയിച്ചു.
ഇത് ഭാരതത്തിലെ 140 കോടി ജനതയ്ക്ക് സമര്‍പ്പിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: