അരൂക്കുറ്റി : സര്‍ക്കാര്‍ ഭൂമി കൈയേറി, തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച വീടും സ്ഥലവും സര്‍ക്കാര്‍ പൊന്നും വില നല്കി വാങ്ങിയത് വിവാദത്തില്‍. അവിഹിതമാര്‍ഗത്തിലൂടെ പഞ്ചായത്ത് നമ്പരിട്ടു കൊടുത്ത വസ്തുവും കെട്ടിടവുമാണ് സര്‍ക്കാര്‍ വാങ്ങിയതെന്നാണ് ആക്ഷേപം.
അരൂക്കുറ്റി വടുതല ജെട്ടിയില്‍ നിന്നും പെരുമ്പളം ദ്വീപിലേക്ക് നിര്‍മ്മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടിയാണ് കയ്യേറിയ ഭൂമിക്ക് വില നല്കി ഏറ്റെടുത്തത്. ഭൂമി കൈയേറിയ വ്യക്തിക്ക് മറ്റിടങ്ങളിലും സ്ഥലങ്ങളും വീടുകളും ഉണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ കെ.ബി.കൃഷ്ണകുമാര്‍ നല്കിയപരാതിയിന്മേല് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഭൂമി അപ്രോച്ച് റോഡിന് വേണ്ടി ഏറ്റെടുത്ത് 90ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത്.
ഈ ഭൂമി ഏറ്റെടുത്തത് വന്‍ അഴിമതിയാണെന്നും, ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ട് അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നു. ഇതിനായി പാലത്തിന്റെ അലൈന്മെന്റ് തന്നെ മാറ്റിയാണ് ഈ ക്രമക്കേട് നടത്തിയത്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നതാണ്.
2012ല്‍ നടന്ന റീ സര്‍വ്വേയില്‍ ഈ സ്ഥലം, പഞ്ചായത്ത് റോഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പു ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തണം എന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ വിഷയത്തില്‍ ലാന്റ് റവന്യു കമ്മീഷണര്‍ അടക്കം അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കളക്ടര്‍ അന്വേഷണം നടത്താന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ടിനെ ഏല്‍പ്പിക്കുകയും ചെയ്തതാണ്. ഇത് സംബന്ധിച്ച് ഉള്ള തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പരാതികളും വിജിലന്‍സ് റിപ്പോര്‍ട്ടും നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്.
സമാനതകളില്ലാത്ത അഴിമതിയാണ് വിഷയത്തില്‍ നടന്നിട്ടുള്ളത്. നടപടിയെടുക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരനായ കൃഷ്ണകുമാര്‍ സത്യഗ്രഹമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്നു കാണിച്ച് കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതോടെ ശക്തമായി കളക്ടര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു.എന്നാല്‍ കളക്ടറെ സ്ഥലം മാറ്റിയതോടെ അന്വേഷണം വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: