കാസര്‍കോട്: ഇരുചക്രവാഹനത്തിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത് കാസര്‍കോട്ട് എത്തിച്ചു. മേല്‍പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ കീഴൂര്‍ ഒഫന്‍സ് ആട്സ് ആന്റ് സ്പോര്‍ട് ക്ലബ്ബിന് സമീപത്തെ ഷംനാസ് മന്‍സിലില്‍ സൈനുദ്ദീന്റെ മകന് മുഹമ്മദ് ഷമ്മാസിനെയാണ് (31) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 മണിക്ക് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചൗക്കി ആസാദ് നഗര്‍ പായിച്ചാലിലെ സബിദയുടെ രണ്ട് പവന് സ്വര്‍ണമാല പിടിച്ചുപറിച്ച് രക്ഷപ്പെട്ട കേസിലാണ് ഷമ്മാസ് അറസ്റ്റിലായത്. മേല്‍പറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ 10 ഓളം കവര്‍ച്ചാകേസുകള്‍ യുവാവിനെതിരെ നിലവിലുണ്ട്.
കാപ്പ കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ട ഷമ്മാസ് പിന്നീട് മറ്റൊരു കേസില്‍ ജയിലിലായി അടുത്തിടെയാണ് പുറത്തിറങ്ങിയത്. കര്‍ണാടകയിലെ മടിക്കേരിയില്‍നിന്ന് സ്കൂട്ടര്‍ വാടകയ്ക്കെടുത്ത് കൊണ്ടുവന്നാണ് പിടിച്ചുപറി നടത്തിയത്. സ്കൂട്ടറില്‍ പതിക്കുന്നതിനായി മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നിരുന്നു. ഇതുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. ജില്ലയിലെ പലഭാഗങ്ങളില്‍ നടന്ന മാല മോഷണ കേസിലും യുവാവിന് പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: