പെരിയ:കശുവണ്ടി സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍.വിലയിടിവില്‍ വലഞ്ഞിരിക്കുകയാണ് കശുവണ്ടി കര്‍ഷകര്‍.സീസണിന്റെ തുടക്കത്തില്‍ കിലോയ്ക്ക് 100 രൂപ വിലയുണ്ടായിരുന്നെങ്കിലും അത് കുറഞ്ഞ് 95 രൂപയിലെത്തി. വേനല്‍മഴ നേരത്തെ തുടങ്ങിയാല്‍ വില ഇതിനേക്കാള്‍ കുറയാന്‍ സാധ്യത ഉണ്ടെന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നു.
അതേസമയം നേരത്തെ ജില്ലയില്‍ സജീവമായിരുന്ന മംഗളൂരു ലോബി ഇത്തവണ പിന്മാറിയതും തിരിച്ചടിയായതായി വ്യാപാരികള്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് കശുവണ്ടിയുടെ ഇറക്കുമതി വര്‍ധിക്കുകയും കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ലഭിക്കാന്‍ തുടങ്ങിയതുമാണ് കാരണം. എന്നാല്‍ കീടനാശിനി പ്രയോഗമില്ലാത്ത നാടന്‍ തോട്ടണ്ടി ഗുണനിലവാരം കൂടിയതാണെങ്കിലും അതിനനുസരിച്ചുള്ള വില ലഭ്യമാക്കാന്‍ സര്‍ക്കാരും ഇടപെടുന്നില്ല.
തറവില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. 34 വര്‍ഷം മുന്‍പ് കിലോയ്ക്കു 150 രൂപവരെയായി വില ഉയര്‍ന്നപ്പോള്‍ റബര്‍ വെട്ടിമാറ്റി കശുമാവിലേക്കു മാറിയ ഒരുപാട് കര്‍ഷകരുണ്ട്. ഇതിന്റെ വിളവ് ലഭിക്കാന്‍ തുടങ്ങിയ സമയം കൂടിയാണിത്. കഴിഞ്ഞവര്‍ഷം കിലോയ്ക്കു 114രൂപ തോതിലാണ് സഹകരണ സംഘങ്ങള്‍ മുഖേന കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സും സംഭരിച്ചിരുന്നത്. ഇതിന് ആനുപാതികമായി പൊതുവിപണിയിലും വില ഉയര്‍ന്നു.
എന്നാല്‍ ഇത്തവണ സംഭരണത്തിനുള്ള ചുമതല കാഷ്യു ബോര്‍ഡിനാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 രൂപ കുറച്ച് 105 രൂപയാണ് ഇത്തവണ സര്‍ക്കാര്‍ തറ വില നിശ്ചയിച്ചത്. ഇതിന്റെ ഉത്തരവ് ഇറങ്ങാത്തതിനാല്‍ സംഭരണത്തിനുള്ള നടപടികള്‍ മെല്ലെപ്പോക്കിലാണ്. ഇത് ചൂഷണം ചെയ്ത് സ്വകാര്യ ലോബി കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം. കശുവണ്ടി വിളവ് നന്നായി ലഭിക്കുന്ന സമയമാണിത്. വില ഉയരാത്തതിനാല്‍ കിട്ടിയ വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: