ഗുവാഹത്തി: സമൻസുകളോട് പ്രതികരിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന്റെ അറസ്റ്റ് സ്വയം ക്ഷണിച്ചുവരുത്തിയതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഒരു വ്യക്തി ഇഡിയിൽ നിന്നുള്ള ഒമ്പത് സമൻസുകൾ അവഗണിച്ചാൽ, അത് അറസ്റ്റിനുള്ള ബോധപൂർവമായ ക്ഷണത്തെ സൂചിപ്പിക്കുന്നുവെന്ന് ശർമ്മ ഊന്നിപ്പറഞ്ഞു. കെജ്‌രിവാൾ പ്രാഥമിക സമൻസുകൾ പാലിച്ചിരുന്നെങ്കിൽ തന്റെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഉടന്‍ പരിഗണിക്കില്ല.ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ദല്‍ഹി ഹൈക്കോടതി നിരസിച്ചു.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ് രിവാള്‍ പറഞ്ഞു. ഈ മാസം 28വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് അരവിന്ദ് കെജരിവാള്‍. അതേസമയം കെജ്രിവാള്‍ ജയിലില്‍ കിടന്ന് ഭരണം നടത്തുമെന്ന് എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍ പറഞ്ഞു. ജയിലില്‍ ഓഫീസ് സ്ഥാപിക്കാന്‍ അനുവാദം തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ കെജ്രിവാള്‍ ജയിലില്‍ നിന്ന് ദല്‍ഹി ഭരിക്കുമെന്ന എഎപി നേതാവും മന്ത്രിയുമായ അതിഷിയുടെ പരാമര്‍ശത്തെ ബിജെപി പരിഹസിച്ചു. ഗ്യാംഗുകളെ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: