കൊല്ലം: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നിര്‍വഹണത്തിലും ഹഡ്കോ ലോണ്‍ വിനിയോഗവുമായി ബന്ധപ്പെട്ടും അപാകം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ഫയലുകള്‍, രജിസ്റ്ററുകള്‍ മറ്റ് പ്രധാന രേഖകള്‍ മുതലായവ കൃത്യമായും വ്യക്തതയോടെയും സൂക്ഷിക്കുന്നതിലും പദ്ധതി നടത്തിപ്പിലും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വീഴ്ചവരുത്തുന്നതായാണ് കണ്ടെത്തല്‍.
ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും അപാകങ്ങള്‍ പരിഹരിച്ചില്ല. അതിനാല്‍ ലൈഫ് പദ്ധതി നടത്തിപ്പും ഫണ്ട് വിനിയോഗവും സംബന്ധിച്ച തെറ്റുകളും മറ്റ് പരാതികളും സമയബന്ധിതമായി പരിശോധിച്ച് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാ ആഭ്യന്തര വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തി അണ്ടര്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
പദ്ധതിയുടെ മറവില്‍ പല തദ്ദേശ സ്ഥാപനങ്ങളിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു എന്നതടക്കം ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്ന പല കേസുകളിലും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: