ന്യൂദല്‍ഹി: മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (എംഇഐഎല്‍) നിന്ന് കോണ്‍ഗ്രസ് അനധികൃതമായി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി തള്ളിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദായ നികുതി നിയമപ്രകാരം 2014-15 മുതല്‍ 2020-21 വരെയുള്ള കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശം വ്യക്തമായ തെളിവുകളുണ്ട്. എംഇഐഎല്ലുമായി ബന്ധപ്പെട്ടയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ രേഖകള്‍ കണ്ടെത്തി. 2017-18, 2020-21 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് അനധികൃതമായി പണം നല്കിയെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ, ജസ്റ്റിസ് പുരുഷേന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, 2018ലേയും 13ലെയും മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നിവയുടെ ഭാഗമായി കണക്കില്‍പ്പെടാത്ത പണമിടപാടുകളുടെ വിശദവിവരങ്ങള്‍ അസസിങ് ഓഫീസര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
2014-15, 2015-16, 2016-17 വര്‍ഷങ്ങളിലും അനധികൃത പണമിടപാടുകള്‍ നടന്നു. ഏകദേശം 520 കോടി രൂപയുടെ ഇടപാടുകളാണ് ഇത്തരത്തില്‍ നടന്നതെന്നും കോടതി വ്യക്തമാക്കി.
എംഇഐഎല്ലില്‍ നിന്ന് ലഭിച്ച ഡയറിയില്‍ കോണ്‍ഗ്രസുമായി നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങളുണ്ട്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കിയ തുകയും ഒപ്പിട്ട രസീതുകളും ലഭിച്ചു.
എംപിമാര്‍, എംഎല്‍എമാര്‍, വരുന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പണം നല്കിയിരിക്കുന്നതെന്നും കോടതി വിശദീകരിച്ചു.
കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്‌വി, വിവേക് തന്‍ഖ എന്നിവരുള്‍പ്പെട്ട മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായി. സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സൊഹെബ് ഹുസൈന്‍, വിപുല്‍ അഗര്‍വാള്‍ എന്നിവരാണ് ആദായ നികുതി വകുപ്പിനായി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: