കേന്ദ്രത്തില്‍ മലയാളികളില്ലാതിരുന്ന മന്ത്രിസഭ ഒരിക്കല്‍ മാത്രം. കേന്ദ്രം ഭരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും മലയാളികളെ മന്ത്രിമാരാക്കിയിട്ടുമുണ്ട്. അംഗങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് മന്ത്രികുപ്പായം കിട്ടാതിരുന്നത് 1952 ല്‍ നെഹ്റു മന്ത്രി സഭയില്‍. പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭയായിരുന്നു അത്. കെ കേളപ്പന്, പി.ടി. ചാക്കോ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാരായില്ല.
കേരളത്തില്‍ നിന്ന് ജയിച്ച് ഇതുവരെ 25 പേര് കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ 36 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പതിനൊന്ന് പേര്‍ക്ക് കാബിനറ്റ് സ്ഥാനം ലഭിച്ചു. ജോണ്‍ മത്തായി (നെഹ്റു), വി.കെ. കൃഷ്ണമേനോന് (നെഹ്റു), പനമ്പിള്ളി ഗോവിന്ദമേനോന് (ഇന്ദിര), ജി. രവീന്ദ്ര വര്‍മ (മൊറാര്‍ജി), സി.എം.സ്റ്റീഫന്‍ (ഇന്ദിര), കെ.പി. ഉണ്ണികൃഷ്ണന്, (വി.പി. സിങ്്), എ.കെ. ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിങ്), കെ. കരുണാകരന് (നരസിംഹറാവു), സി.എം. ഇബ്രാഹിം (ദേവഗൗഡ), പി.എം. സഈദ് (മന്മോഹന്സിങ്്), വയലാര്‍ രവി (മന്‍മോഹന്‍സിങ്) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.
സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ നെഹ്റു പ്രധാനമന്ത്രിയായി രൂപീകരിച്ച 16 അംഗ മന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു. ജോണ്‍ മത്തായി. റെയില്‍വേ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്.കെ. ഷണ്മുഖം ചെട്ടി രാജിവച്ചതിനാലാണിത്.
തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ. കൃഷ്ണമേനോനാണ്. കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യ മലയാളി ജി. രവീന്ദ്രവര്‍മയാണ്. ഏറ്റവും കൂടുതല്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന മലയാളി എ.എം.തോമസാണ്. 1957 മുതല്‍ 1967 വരെയുള്ള കാലത്ത് നെഹ്റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരോടൊപ്പം ആറ് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. എ.കെ. ആന്റണി രണ്ടു പ്രധാനമന്ത്രിമാരോടൊപ്പം (നരസിംഹറാവു, മന്മോഹന്സിങ്്) മൂന്നു മന്ത്രിസഭകളില്‍ ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചു.
ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍. മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ ആറു പേരാണ്. ലക്ഷ്മി എന്‍. മേനോന് (ബിഹാര്‍), ഒ. രാജഗോപാല്‍ (മധ്യപ്രദേശ്), സി.എം. ഇബ്രാഹിം (കര്‍ണാടക), അല്‍ഫോന്‍സ് കണ്ണന്താനം (രാജസ്ഥാന്), വി. മുരളീധരന് (മഹാരാഷ്ട്ര), രാജീവ് ചന്ദ്രശേഖര്‍ (കര്‍ണാടക) എന്നിവരാണവര്‍.
ലക്ഷദ്വീപില്‍നിന്ന് ജയിച്ച് മന്ത്രിയായ പി.എം. സയീദും മലയാളിയുടെ പട്ടികയില്‍ വരും. ഏറ്റവും കൂടുതല്‍ മലയാളികളുണ്ടായിരുന്ന മന്ത്രിസഭ രണ്ടാം യുപിഎ ആണ്. രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുള്‍പ്പെടെ എട്ടു പേര്. എ.കെ. ആന്റണിയും വയലാര്‍ രവിയുമായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്, ഇ. അഹമ്മദ്, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് എന്നിവരാണ് സഹമന്ത്രിമാര്‍. അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഇടം തേടിയവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: