Categories: India

ശോഭാ കരാന്ത്ലജെ പറഞ്ഞത് വാസ്തവം?; രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികള്‍ക്ക് ചെന്നൈ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ

കേന്ദ്രമന്ത്രിയായിരുന്ന ശോഭ കരാന്ത് ലജെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രകോപനപ്രസംഗത്തിനിടെ പ്രസ്താവിച്ച രാമേശ്വരം കഫെയിലെ ബോംബ് സ്ഫോടനത്തിലെ പ്രതികള്‍ക്ക് ചെന്നൈ ബന്ധമുണ്ടെന്ന കാര്യം ഏതാണ്ട് ശരിയാണെന്ന് തെളിയുന്നു.

Published by

ബെംഗളൂരു : കേന്ദ്രമന്ത്രിയായിരുന്ന ശോഭ കരാന്ത് ലജെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രകോപനപ്രസംഗത്തിനിടെ പ്രസ്താവിച്ച രാമേശ്വരം കഫെയിലെ ബോംബ് സ്ഫോടനത്തിലെ പ്രതികള്‍ക്ക് ചെന്നൈ ബന്ധമുണ്ടെന്ന കാര്യം ഏതാണ്ട് ശരിയാണെന്ന് തെളിയുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിലെ പ്രതിക്ക് ചെന്നൈ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ശനിയാഴ്ച എന്‍ഐഎ തന്നെ അറിയിച്ചതോടെയാണ് ഇത്.

ഈ പ്രസ്താവന നടത്തിയതിന് മുഴുവന്‍ തമിഴരെയും ശോഭാ കരാന്ത്ലജെ അപമാനിച്ചുവെന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ ശോഭാ കരാന്ത് ലജെ തമിഴ്നാടിനോട് മാപ്പ് ചോദിച്ചിരുന്നു. പക്ഷെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കാടുകളില്‍ ബോംബ് നിര്‍മ്മാണ പരിശീലനം നേടിയ യുവാക്കളാണ് രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെന്ന ശോഭാ കരാന്ത് ലജെയുടെ ആരോപണം ഏതാണ്ട് ശരിയായി വരികയാണ്. അതേ സമയം കൃഷ്ണഗിരി എസ് പി തങ്കദുരൈയും പൊലീസ് ഐജി (വെസ്റ്റ് സോണ്‍) കെ. ഭവനീശ്വരിയും കൃഷ്ണഗിരി കാടുകളില്‍ അങ്ങിനെ ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കിയതായി ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രസ്താവിക്കുകയായിരുന്നു.

കാര്യമാത്രപ്രസക്തമായി രാഷ്‌ട്രീയം മുന്നോട്ട് കൊണ്ടുപോകുന്ന സത്യസന്ധയായ നേതാവാണ് ശോഭ കരാന്ത്ലജെ. അവര്‍ ഉദ്ദേശ്യശുദ്ധിയോടെ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന നേതാവാണ്. രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നിലെ സത്യം ഇപ്പോള്‍ അവരുടെ പ്രസ്താവനയിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ശോഭാ കരാന്ത്ലജെ പക്ഷെ അവരുടെ സമൂഹമാധ്യമപേജില്‍ മനസ്സിലുള്ളത് പങ്കുവെ്ക്കാന്‍ മറന്നില്ല “മി. സ്റ്റാലിന്‍, താങ്കളുടെ ഭരണത്തിന്‍ കീഴില്‍ തമിഴ്നാട്ടിന് എന്താണ് ആയിത്തീരുന്നത് ഹിന്ദുക്കളെയും ബിജെപി പ്രവര്‍ത്തകരെയും രാവും പകലും ആക്രമിക്കാന്‍ മൗലിക ശക്തികളെ ശക്തിപ്പെടുത്തുന്ന പ്രീണനരാഷ്‌ട്രീയമാണ് താങ്കളുടേത്. താങ്കള്‍ കണ്ണടയ്‌ക്കുമ്പോഴും തൂടര്‍ച്ചയായി ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത് ഐഎസ്ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതിന് ദൃഷ്ടാന്തമാണ്. താങ്കളുടെ മൂക്കിന് താഴേയാണ് കൃഷ്ണഗിരി കാടുകളില്‍ രാമേശ്വരം ബോംബ് സ്ഫോടനം നടത്തിയവര്‍ പരിശീലനം നേടിയത്. ”

ബോംബ് വെച്ചത് മുസാവിര്‍ ഹുസൈന്‍ ഷസീബ് ആണെന്ന് കരുതുന്നതായും എന്‍ഐഎ പറഞ്ഞു. അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്ന മറ്റൊരു ഐഎസ് പ്രവര്‍ത്തകന്‍ ഷസീബിനെ ഈ ബോംബ് സ്ഫോടനത്തില്‍ സഹായിച്ചിട്ടുള്ളതായും എന്‍ഐഎ പറയുന്നു. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് ശിവമൊഗ്ഗ ഇസ്ലാമിക് സ്റ്റേറ്റിന്റെ രഹസ്യഗ്രൂപ്പിനെ നയിക്കുന്നവരെന്നും കരുതുന്നു. ഇവര്‍ രണ്ടു പേരും 2020 മുതല്‍ ഒളിവിലാണ്. ഇവര്‍ക്ക് ചെന്നൈ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ അറിയിച്ചു.

പക്ഷെ ഇവര്‍ ഇരുവരും നിരന്തരം ഇവരുടെ ഐഡി മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍ഐഎയ്‌ക്ക് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 2020 മുതല്‍ കര്‍ണ്ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ തേടുന്നുണ്ടെങ്കിലും കണ്ടെക്കാന്‍ കഴിഞ്ഞിട്ടില്ല. രാമേശ്വരം കഫേയില്‍ കൃത്യം നിര്‍വ്വഹിച്ച ആളെക്കുറിച്ചും അതിന് സഹായികളായി നിന്നയാളെക്കുറിച്ചും ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് കാരണമുണ്ട്. കുറ്റവാളികള്‍ അത്രയ്‌ക്ക് വൈദഗ്ധ്യമുള്ളവരാണ്. അവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും അടയാളങ്ങളും അങ്ങേയറ്റം രഹസ്യമാക്കിവെക്കുന്നതില്‍ വിജയിച്ചവരാണ്. അതുപോലെ ഈ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ്. ആ ശൃംഖലയ്‌ക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ എന്‍ഐഎക്കോ ബെംഗളൂരു പൊലീസിനോ ആവുന്നില്ല. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതില്‍ അത്രയ്‌ക്ക് പരിചയസമ്പന്നരാണ് ഈ യുവാക്കള്‍.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക